തിരുവനന്തപുരം: നിയമത്തിനും നീതിക്കും മുന്നിൽ എല്ലാവരും സമന്മാരാണെന്നും എത്ര വലിയ ഉന്നതനായാലും തെറ്റു ചെയ്താൽ നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഉന്നതർക്ക് നിയമത്തിനു മുന്നിൽ പ്രത്യേക പരിഗണനയില്ല. സാമൂഹ്യ സ്ഥാനമോ പദവിയോ പോലീസിന്റെ കൃത്യനിർവഹണത്തിന് തടസ്സമാകില്ല. സംസ്ഥാനത്ത് ലോക്കപ്പ് മർദ്ദനവും മൂന്നാം മുറയും പൂർണമായും അവസാനിപ്പിക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. മൂന്നാമുറ ഒരു കാരണവശാലും വച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
നിയമത്തിനും നീതിക്കും മുന്നിൽ എല്ലാവരും സമന്മാരാണ്. എത്ര വലിയ ഉന്നതനായാലും തെറ്റു ചെയ്താൽ നടപടിയുണ്ടാകും. ഉന്നതർക്ക് നിയമത്തിനു മുന്നിൽ പ്രത്യേക പരിഗണനയില്ല. സാമൂഹ്യ സ്ഥാനമോ പദവിയോ പോലീസിന്റെ കൃത്യനിർവഹണത്തിന് തടസ്സമാകില്ല.
തൃശ്ശൂർ രാമവർമ്മപുരം പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ വനിതാ ബറ്റാലിയൻ രണ്ടാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു.
സംസ്ഥാനത്ത് ലോക്കപ്പ് മർദ്ദനവും മൂന്നാം മുറയും പൂർണമായും അവസാനിപ്പിക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. മൂന്നാമുറ ഒരു കാരണവശാലും വച്ച് പൊറുപ്പിക്കില്ല. കുറ്റം തെളിയിക്കാനും വ്യക്തി വൈരാഗ്യം തീർക്കാനും മൂന്നാംമുറ സ്വീകരിക്കുന്നവർക്കു കേരളാപോലീസിൽ സ്ഥാനമുണ്ടാകില്ല. അടുത്തിടെ നടന്ന ഇത്തരം സംഭവങ്ങളിൽ അന്വേഷണം നല്ല രീതിയിൽ നടന്നു വരികയാണ്. റിപ്പോർട്ടുകൾ പൂർത്തിയായാൽ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും. ലോക്കപ്പിൽ മനുഷ്യ വിരുദ്ധമായാതൊന്നും അനുവദിക്കില്ല. ചിലരുടെ പ്രവർത്തികൾ മൂലം പോലീസ് സേനയുടെ ആകെ നേട്ടങ്ങൾ കുറച്ചു കാണുന്ന സ്ഥിതിയുണ്ട്.
സംസ്ഥാനം വനിതകൾക്ക് വലിയതോതിലുള്ള ആദരവും അംഗീകാരവുമാണ് നൽകുന്നത്. വിവിധമേഖലകളിൽ തുല്യത ഉറപ്പുവരുത്തുകയെന്നതാണ് സർക്കാർ നിലപാട്. സ്ത്രീകളുടെ സാമൂഹ്യ പദവി ഉയർത്തുന്നതിലൂടെ സ്ത്രീ ശാക്തീകരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളാപോലീസ് വനിതാ പ്രാതിനിധ്യം വർധിപ്പിക്കാൻ തീരുമാനിച്ചത് ഇതിന്റെ ഭാഗമായാണ്. ഈ നടപടികൾ തുടരും. പരിശീലനം പൂർത്തിയാക്കിയ 146 വനിതകളിൽ 29 ബിരുദാനന്തര ബിരുദധാരികളും 5 ബിടെക് ബിരുദധാരികളും 3 കമ്പ്യൂട്ടർ ബിരുദാനന്തര ബിരുദധാരികളും 25 പേർ ബി എഡ്ബിരുദമുള്ളവരും 3 എം ബി എ ക്കാരും 55 ബിരുദധാരികളും 4 ഡിപ്ലോമക്കാരും 2 ടിടിസി ക്കാരുമാണുള്ളത്. അടിസ്ഥാനപരിശീലനത്തിനു പുറമെ കമാൻഡോ പരിശീലനം, കളരി, കരാട്ടെ, യോഗ, നീന്തൽ, ഡ്രൈവിംഗ്, കമ്പ്യൂട്ടർ തുടങ്ങിയവയിലും പരിശീലനം നൽകി. ഇതിൽ 16 പേർ കമാൻഡോ പരിശീലനവും പൂർത്തിയാക്കി.
Post Your Comments