Latest NewsKerala

ശ്രീറാമിന്റെ രക്തസാമ്പിള്‍ ശേഖരിക്കാത്തതെന്തുകൊണ്ട്? നിര്‍ണായക വെളിപ്പെടുത്തലുമായി ഡോക്ടര്‍

തിരുവനന്തപുരം: സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം ബഷീര്‍ മരിക്കാനിടയായ
സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍. രക്ത പരിശോധനയ്ക്ക് പൊലീസ് ആവശ്യപ്പെട്ടിട്ടിരുന്നില്ലെന്ന് ഡോ. രാകേഷ് വെളിപ്പെടുത്തി.

ദേഹപരിശോധനയിക്കായി ശ്രീറാമിനെ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ അദ്ദേഹത്തിന് മദ്യത്തിന്റെ മണമുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ശ്രീറാമിന് പുറകെ എത്തിയ സുഹൃത്ത് വഫാ ഫിറോസിന്റെ രക്ത സാംമ്പിളുകള്‍ എടുത്തിരുന്നു. വഫയാണ് വാഹനമോടിച്ചതെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ വഫയുടെ രക്ത പരിശോധനയില്‍ മദ്യത്തിന്റെ അളവ് കണ്ടെത്തിയിരുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു. അതേസമയം, ഒരു വ്യക്തി രക്ത സാംമ്പിള്‍ നല്‍കാന്‍ തയ്യാറല്ലെങ്കില്‍ നിര്‍ബന്ധിച്ച് എടുക്കാന്‍ കഴിയില്ല. അറസ്റ്റിലായ പ്രതികളുടെ മാത്രം ബലംപ്രയോഗിച്ച് രക്ത സാംമ്പിളുകള്‍ എടുക്കാമെന്നും ഡോക്ടര്‍ വ്യക്തമാക്കി.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ച് കെ എം ബഷീര്‍ മരിച്ചത്. അമിത വേഗതയില്‍ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനില്‍ വച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടസമയത്ത് ശ്രീറാം മദ്യലഹരിയിലായിരുന്നു. അപകടം നടന്ന ശേഷം കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്നും പുറത്തിറങ്ങിയത് ഒരു പുരുഷനാണെന്ന് സംഭവസ്ഥലത്ത് ആദ്യമെത്തിയ ഓട്ടോ ഡ്രൈവര്‍മാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇത് സ്ഥിരീകരിക്കുന്നതിനായി അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് മ്യൂസിയം എസ്ഐ വ്യക്തമാക്കി. ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് വാഹനമോടിച്ചതെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ വിശദീകരിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് ഇവരെ പോലീസ് വിളിച്ച് വരുത്തിയതെന്നും ആരോപണങ്ങളുണ്ട്. ഇവരുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അമിത വേഗതയിലെത്തിയ കാര്‍ റോഡില്‍ നിന്ന് തെന്നിമാറി കെ എം ബഷീര്‍ സഞ്ചരിച്ച ബൈക്കിന് പുറകില്‍ ഇടിച്ച് മ്യൂസിയം ജംഗ്ഷനിലെ പബ്ലിക്ക് ഓഫീസിന്റെ മതിലിലേക്ക് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ബഷീറിനെ ശ്രീറാം തന്നെയാണ് ബൈക്കില്‍ നിന്ന് എടുത്ത് മാറ്റി തറയില്‍ കിടത്തിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ബഷീറിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ പ്രോജക്ട് ഡയറക്ടര്‍, ഹൗസിങ് കമ്മിഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നല്‍കിയിരുന്നു. മന്ത്രിസഭയുടേതാണ് തീരുമാനം. മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ച് ശ്രദ്ധ നേടിയ മുന്‍ ദേവികുളം സബ്ബ് കലക്ടറാണ് ശ്രീറാം വെങ്കിട്ട രാമന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button