ബെയ്ജിംഗ്: കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ ഓപ്പറേഷന്‍ ചെയ്ത ഡോക്ടര്‍മാര്‍ വയറിനുള്ളില്‍ കിടന്ന വസ്തു കണ്ട് അമ്പരന്നു. 14 ഇഞ്ചോളം നീളമുള്ള ഒരു പ്ലാസ്റ്റിക് ബ്രഷ്. ബെയിജിംഗിലെ ഒരാശുപത്രിയിലാണ് സംഭവം. വയറുവേദനയെ തുടര്‍ന്നാണ് അമ്പത്തിയൊന്നുകാരനായ ലീ ചികിത്സ തേടിയെത്തിയത്. വേദന കൊണ്ട് പുളയുകയായിരുന്ന ലീയെ ഡോക്ടര്‍മാര്‍ വൈകാതെ സ്‌കാനിംഗിന് വിധേയനാക്കി.
വയറിനെ ബാധിച്ച അസുഖമെന്തെന്ന് മനസിലാക്കാനാണ് സ്‌കാനിംഗ് നടത്തിയത്. എന്നാല്‍ കുടലിനകത്ത് എന്തോ ഒരു വിചിത്ര വസ്തു കിടക്കുന്നതാണ് സ്‌കാനിംഗിലൂടെ തെളിഞ്ഞത്. സംഗതി എന്താണെന്ന് വ്യക്തമാകാതെ തുടര്‍ ചികിത്സയുമായി മുന്നോട്ടുപോകാന്‍ കളിയാതായി. ഒടുവില്‍, ലീയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. വയറുകീറി തുറന്നുനോക്കിയപ്പോള്‍ ഡോക്ടര്‍മാര്‍ ഞെട്ടി. ലീയെ അത്രകാലം വേദനിപ്പിച്ചത് ഒരു ടൂത്ത് ബ്രഷായിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചില ശാരീരിക പ്രശ്നങ്ങളെത്തുടര്‍ന്ന് നിരാശനായ ലീ, ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അങ്ങനെയാണ് ടൂത്ത് ബ്രഷ് വിഴുങ്ങുന്നത്.
എന്നാല്‍ ടൂത്ത് ബ്രഷ് വിഴുങ്ങിയിട്ടും പ്രത്യേകിച്ച് കുഴപ്പമൊന്നും സംഭവിച്ചില്ല. മരിച്ചില്ലെന്നു മാത്രമല്ല അത്തരത്തില്‍ ഒരു വസ്തു വയറിനുള്ളില്‍ ഉണ്ടെന്ന ലക്ഷണം പോലും കണ്ടില്ല. അത്യാഹിതമൊന്നും സംഭവിക്കാഞ്ഞതിനാല്‍ തന്നെ ബ്രഷ് മലത്തിനൊപ്പം അല്‍പാല്‍പമായി പുറത്തുപോയിരിക്കുമെന്നാണത്രേ ലീ അന്ന് കരുതിയിരുന്നത്. പിന്നീട് അതെപ്പറ്റി മറന്നുപോവുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം ലീ വിവാഹിതനായി, രണ്ട് കുഞ്ഞുങ്ങളുടെ പിതാവുമായി. കഴിഞ്ഞ, ഇരുപത് വര്‍ഷവും വലിയ പ്രശ്നങ്ങളില്ലാതെ കടന്നുപോയി. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കടുത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണെന്നാണ് ഡോക്ടര്‍മാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇത്രയും വലിയൊരു വസ്തു, ഇത്രനാളും മറ്റ് അപകടങ്ങളുണ്ടാക്കാതെ വയറിനകത്ത് കിടന്നത് ഭാഗ്യം കൊണ്ടാണെന്നും, ആന്തരീകാവയവങ്ങളെല്ലാം സുരക്ഷിതമാണെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ അറിയിച്ചു.
Post Your Comments