KeralaLatest News

അയാള്‍ക്ക് ഇങ്ങനെ ഒരു അപകടം നടന്നതായി പോലും തിരിച്ചറിയാന്‍ പറ്റുന്നില്ല, പെണ്‍കുട്ടി ആകെ വിളറി നില്‍പ്പാണ്- മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ അപകട സ്ഥലത്തെത്തിയാളുടെ കുറിപ്പ്

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. അപകടം നടന്നതിന് ശേഷം സുഹൃത്താണ് വാഹനമോടിച്ചതെന്നായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ പ്രതികരിച്ചിരുന്നത്. എന്നാല്‍ കാര്‍ ഓടിച്ചത് ശ്രീറാം തന്നെയെന്ന് ഒപ്പമുണ്ടായിരുന്ന യുവതി കൂടി മൊഴി നല്‍കിയതോടെ ശ്രീറാം കുടുങ്ങിയിരിക്കുകയാണ്. ഒപ്പം സംഭവസ്ഥലത്തെത്തിയവരുടെ മൊഴികളും ശ്രീറാമിനെ കുഴക്കുന്നതു തന്നെ.

അപകടം നടന്നയുടെനെ സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകന്‍ ദനുസുമൂദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പുറത്തു വന്നിട്ടുണ്ട്. അപകടശേഷം കാറില്‍ നിന്നും ഇറങ്ങിയ മുപ്പത് വയസ് പ്രായം തോന്നിക്കുന്ന ആള്‍ക്ക് കാല്‍ നിലത്ത് ഉറയ്ക്കുന്നില്ല. മദ്യപിച്ചു ലക്ക് കെട്ടനിലയിലാണ്. കൂടെയുള്ള പെണ്‍കുട്ടി ആകെ വിളറി നില്‍പ്പാണ്. അയാള്‍ക്ക് ഇങ്ങനെ ഒരു അപകടം നടന്നതായി പോലും തിരിച്ചറിയാന്‍ പറ്റുന്നില്ല എന്ന് തോന്നിയെന്ന് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

രാത്രി 12.55 ന് മ്യൂസിയത്തിനടുത്ത പബ്ലിക് ഓഫീസിനു മുന്നിൽ ആൾക്കൂട്ടവും പോലീസ് വാനും നിർത്തിയിട്ടിരിക്കുന്നതും കണ്ടു സൈക്കിൾ ഒതുക്കി അങ്ങോട്ട് ചെന്നു. നിയന്ത്രണം വിട്ട കാർ ഒരു ബൈക്കിൽ ഇടിച്ചു നിൽക്കുന്നു. ബൈക്ക് മതിലിനോട് ചേർന്ന് കുത്തി നിർത്തിയിരിക്കുന്നത് പോലെ. പെട്ടെന്നാണ് താഴെ വീണു കിടക്കുന്ന മനുഷ്യനെ ശ്രദ്ധിച്ചത്. ചോര ഒഴുകി പരക്കുന്നു. പോലീസ് ആംബുലൻസിനു വേണ്ടി കാത്ത് നിൽക്കുകയാണ്. ഗുരുതരമായതിനാൽ ജീപ്പിൽ കൊണ്ട് പോകാനാവില്ലെന്നു പോലീസ് പറഞ്ഞു. കാറിൽ നിന്നും ഇറങ്ങിയ മുപ്പത് വയസ് പ്രായം തോന്നിക്കുന്ന ആൾക്ക് കാൽ നിലത്ത് ഉറയ്ക്കുന്നില്ല. മദ്യപിച്ചു ലക്ക് കെട്ടനിലയിലാണ്. കൂടെയുള്ള പെൺകുട്ടി ആകെ വിളറി നിൽപ്പാണ്. അയാൾക്ക്‌ ഇങ്ങനെ ഒരു അപകടം നടന്നതായി പോലും തിരിച്ചറിയാൻ പറ്റുന്നില്ല എന്ന് തോന്നി. ആരെയൊക്കെയോ ഫോണിൽ സംസാരിക്കുന്നു.ആംബുലൻസ് ഇതിനിടയിൽ എത്തി.പരിക്കേറ്റയാളെ കൊണ്ടുപോയി. കൈ ഒടിഞ്ഞു നുറുങ്ങിയിട്ടുണ്ടെന്നു ആദ്യ കാഴ്ചയിൽ തന്നെ മനസിലാകും.

കാറിൽ വന്ന പെൺകുട്ടിയുടെ പേരും വിലാസവും കുറിച്ചു.മരപ്പാലത്ത് എവിടെ? വീട്ടിൽ ആരുണ്ട്? കൂടെയുള്ള ആൾ ആരാണെന്ന് രണ്ട് മിനിറ്റ് കൊണ്ട് അന്വേഷിച്ച ശേഷം പൊയ്ക്കോളാൻ പോലീസ് പറഞ്ഞു. ആടി നിൽക്കുന്ന ആളുടെ അഡ്രെസ്സ് പോലീസ് ചോദിച്ചു.സിവിൽ സർവീസ് കോളനി, കവടിയാർ എന്ന് പറഞ്ഞതോടെ വേറെ ഒന്നും പോലീസ് ചോദിച്ചില്ല.മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പോകാം എന്ന് പറഞ്ഞു.കാർ എടുത്ത് മാറ്റുന്നതിനായി ക്യാരി വാൻ എത്തി. ബൈക്ക് പോലീസ് പരിശോധിക്കുന്നതിനിടയിൽ iffk യുടെ പാസ്, ഏതോ മീഡിയ പാസ്, സിറാജ് പത്രം എന്നിവ എടുത്തു. പത്രക്കാരനാണ് എന്നറിഞ്ഞതോടെ പാസ് പോലീസിനോട് ചോദിച്ചെങ്കിലും അവർ തരാൻ കൂട്ടാക്കിയില്ല. അപകടം നടന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്ത ഉടൻ ഫോൺ ബാറ്ററി തീർന്നു ഓഫ് ആയി.

വളവിൽ തിരിയാതെ മുന്നിൽ പോയ ബൈക്ക് യാത്രക്കാരനെ കാർ ഇടിച്ചു തെറിപ്പിച്ചത് കണ്ട രണ്ട് പേർ പോലീസിനോട് വിശദമായി കാര്യങ്ങൾ പറഞ്ഞു.അവരുടെ ഫോൺ നമ്പറും പോലീസ് ചോദിച്ചു കുറിച്ചെടുത്തു. റൂമിലെത്തി ഫോൺ ചാർജ് ചെയ്ത ശേഷം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ വെബ്സൈറ്റിൽ ബൈക്കിന്റെ നമ്പർ നൽകിയപ്പോഴാണ് മുഹമ്മദ്‌ ബഷീർ എന്ന പേര് തെളിഞ്ഞു വരുന്നത്. സിറാജ് പത്രത്തിന്റെ കോൺടാക്ട് ഗൂഗിൾ ചെയ്തപ്പോൾ കിട്ടിയ ഫോൺ നമ്പർ ഒടുക്കത്തെ ബിസി.കേടാണോ എന്ന് സംശയം ആയപ്പോൾ
മീഡിയ ഡയറി എടുത്തു സിറാജ് പത്രത്തിന്റെ തിരുവനന്തപുരം റിപ്പോർട്ടർമാരുടെ വിവരം പരിശോധിച്ചു. ബ്യുറോചീഫിന്റെ പേര് ബഷീർ എന്ന പേര് കാണുന്നത്.രണ്ടാമത്തെ പേരുകാരൻ അടുത്ത ചങ്ങാതി കൂടിയായ റിപ്പോർട്ടർ ശ്രീജിത്ത്‌ ആണ്. അവനെ വിളിച്ചപ്പോൾ അപകട വിവരം അറിഞ്ഞു മെഡിക്കൽ കോളേജിലേക്കുള്ള യാത്രയിലാണ്. ഈ ചിത്രം ഇപ്പോൾ തന്നെ പോസ്റ്റ് ചെയ്യുന്നതിന് കാരണം ഇടിച്ച കാറിന്റെ കനപ്പെട്ട മേൽവിലാസമാണ്. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും സ്വാധീനവും ധനവും ഉള്ളവർ താമസിക്കുന്ന പ്രദേശമാണിത്.മുന്തിയ ഇനം ആളുകളുടെ പോസ്റ്റൽ അഡ്രസ്സ് ആണ് കവടിയാർ പി ഒ. പാവപെട്ട ഒരു പത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച് ഗുരുതര നിലയിലാക്കിയ ശേഷം ഊരിപ്പോകരുതല്ലോ. മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ക്യാമറദൃശ്യങ്ങൾ പോലീസ് പരിശോധിക്കണം. കാറിലെ മദ്യപാനിയുടെ രക്തപരിശോധന ഈ രാത്രിയിൽ തന്നെ പോലീസ് നടത്തികാണുമായിരിക്കും.

https://www.facebook.com/dhanasumod/posts/2274434355959658

shortlink

Related Articles

Post Your Comments

Related Articles


Back to top button