KeralaLatest News

മാധ്യമപ്രവര്‍ത്തകന്റെ മരണം; കുറ്റക്കാരെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ പൊലീസിനെതിരെയും നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിനടയാക്കിയ കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മനപ്പൂര്‍വമല്ലാത്ത നരഹത്യയുടെ പേരില്‍ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ടെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. കാറ് ശ്രീറാം വെങ്കിട്ടറാമിന്റെ പേരിലുളളതല്ലെന്നും കുറ്റമറ്റ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. കുറ്റക്കാരെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ പൊലീസിനെതിരെയും നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെ ആണെന്ന് സുഹൃത്ത് വഫ ഫിറോസ് പൊലീസിന് മൊഴി നല്‍കി. തന്നെ രാത്രി വിളിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് ശ്രീറാമിന്റെ അടുത്തെത്തിയതെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ശ്രീറാം വിളിച്ചത് പ്രകാരം രാത്രി 12.40 ഓടെ കാറുമായി കവടിയാറെത്തി. പിന്നീട് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണ്. അമിത വേഗത്തിലായിരുന്നു ശ്രീറാം വാഹനമോടിച്ചതെന്നും വഫ മൊഴി നല്‍കിയിട്ടുണ്ട്. ശ്രീറാമിനെ പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴിയാണെന്നും വഫ പോലീസിനോട് പറഞ്ഞു.

നേരത്തെയും വഫയുടെ പേരിലുള്ള കെ എല്‍ 1 ബിഎം 360 എന്ന കാറിന് മോട്ടോര്‍വാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു. മൂന്ന് തവണയും അമിത വേഗതയ്ക്കാണ് പിഴ ചുമത്തിയിരുന്നത്. അതേസമയം ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ ശേഖരിച്ചു. അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ അമിതമായി മദ്യപിച്ചിരുന്നു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് രക്തസാമ്പിള്‍ ശേഖരിച്ചത്. മദ്യപിച്ചു എന്നുറപ്പുണ്ടായിട്ടും അപകടം നടന്നയുടന്‍ രക്തപരിശോധന നടത്താഞ്ഞത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വന്‍ വീഴ്ചയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ദേഹപരിശോധനയിക്കായി ശ്രീറാമിനെ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ അദ്ദേഹത്തിന് മദ്യത്തിന്റെ മണമുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് രക്തപരിശോധനയ്ക്ക് ആവശ്യപ്പെട്ടിരുന്നില്ലെന്നും ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാഗേഷ് പറഞ്ഞു. ശ്രീറാമിന് പുറകെ എത്തിയ സുഹൃത്ത് വഫാ ഫിറോസിന്റെ രക്ത സാംമ്പിളുകള്‍ എടുത്തിരുന്നു. വഫയാണ് വാഹനമോടിച്ചതെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ വഫയുടെ രക്ത പരിശോധനയില്‍ മദ്യത്തിന്റെ അളവ് കണ്ടെത്തിയിരുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു. അതേസമയം, ഒരു വ്യക്തി രക്ത സാംമ്പിള്‍ നല്‍കാന്‍ തയ്യാറല്ലെങ്കില്‍ നിര്‍ബന്ധിച്ച് എടുക്കാന്‍ കഴിയില്ല. അറസ്റ്റിലായ പ്രതികളുടെ മാത്രം ബലംപ്രയോഗിച്ച് രക്ത സാംമ്പിളുകള്‍ എടുക്കാമെന്നും ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു.

അമിത വേഗത്തില്‍ എത്തിയ വാഹനം മ്യൂസിയം ജങ്ഷനില്‍ വച്ച് ബഷീറിന്റെ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വഫയുടെ ഉടമസ്ഥതയില്‍ ഉള്ള കാറാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button