ന്യൂഡല്‍ഹി: മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭയില്‍ പാസായതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ഐഎംഎയും മെഡിക്കല്‍ വിദ്യാര്‍ഥികളും. ഇന്ന് രാജ്യവ്യാപകമായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കും. പ്രതിഷേധ സൂചകമായി എല്ലാ മെഡിക്കല്‍ കോളേജുകളിലും വിദ്യാര്‍ഥികള്‍ ഉപവാസം തുടങ്ങി.
അവസാന വര്‍ഷ എംബിബിഎസ് പരീക്ഷ പിജി പരീക്ഷയുടെ മാനദണ്ഡമാക്കുമെന്ന മെഡിക്കല്‍ കൗണ്‍സില്‍ ബില്ലിലെ വ്യവസ്ഥക്കെതിരെയാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. ഐഎംഎയുടെ തുടര്‍ സമരങ്ങള്‍ ഞായറാഴ്ച ആലുവയില്‍ ചേരുന്ന യോഗത്തിലാണ് തീരുമാനിക്കുക. അതേസമയം രാജ്ഭവനുകള്‍ക്ക് മുന്നില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു.
എംബിബിഎസ് അവസാന വര്‍ഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കുമെന്നാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ഇതേ പരീക്ഷയുടെ മാര്‍ക്കാവും പിജി പ്രവേശനത്തിനും ആധാരം. ദേശീയതല മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ അടിസ്ഥാനത്തിലാവും എയിംസ് ഉള്‍പ്പടെ എല്ലാ സ്ഥാപനങ്ങളിലേക്കും പ്രവേശനം. സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ അമ്പത് ശതമാനം സീറ്റുകളില്‍ ഫീസിന് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം നിശ്ചയിക്കും.
പ്രാഥമിക ശുശ്രൂഷയ്ക്കും പ്രതിരോധ കുത്തിവയ്പുകള്‍ക്കും, മിഡ് ലെവല്‍ ഹെല്‍ത്ത് വര്‍ക്കര്‍ എന്ന പേരില്‍ ഡോക്ടര്‍മാരല്ലാത്ത വിദഗ്ധര്‍ക്കും നിയന്ത്രിത ലൈസന്‍സ് നല്‍കും. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഇല്ലാതാകും. പകരം മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നല്‍കാന്‍ മെഡിക്കല്‍ കമ്മീഷന് കീഴില്‍ സ്വതന്ത്ര ബോര്‍ഡുകള്‍ സ്ഥാപിക്കും. സംസ്ഥാനങ്ങള്‍ സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ സ്ഥാപിക്കണം – എന്നിങ്ങനെ നീളുന്നു ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലെ വ്യവസ്ഥകള്‍. എന്നാല്‍ പിജി പ്രവേശനത്തിന് എന്‍ട്രന്‍സ് ഒഴിവാക്കുന്നത് വിദ്യാര്‍ത്ഥികളിലെ പഠനനിലവാരം കുറയ്ക്കുമെന്നാണ് ഐഎംഎ ഉന്നയിക്കുന്ന പ്രധാന വാദം.
Post Your Comments