Latest NewsIndia

ആ പഴത്തിന്റെ വിലയ്ക്ക് ഞങ്ങള്‍ ഒരു മുറി തരാം; പുതിയ പരസ്യവുമായി ഓയോ റൂംസ്

ന്യൂഡല്‍ഹി: രണ്ടു പഴത്തിനു ജിഎസ്ടി അടക്കം 442 രൂപ നല്‍കേണ്ടിവന്ന ബോളിവുഡ് നടന്‍ രാഹുല്‍ ബോസിനുണ്ടായ അനുഭവം ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ സംഭവത്തിന്റെ ചുവടുപിടിച്ച് ‘രാഹുല്‍ ബോസ് മൂവ്മെന്റ്’ സാമൂഹിക മാധ്യമങ്ങളിലും വിപണിയിലും വന്‍ ഹിറ്റായിരിക്കുകയാണ്. നിരവധി പരസ്യ ചിത്രങ്ങളും ഇതിന്റെ ചുവടുപിടിച്ച് എത്തിയിട്ടുണ്ട്. ജി.എസ്.ടി.യുടെ പേരില്‍ നക്ഷത്ര ഹോട്ടലുകള്‍ ഉള്‍പ്പെടെ വന്‍ചൂഷണം നടത്തുന്നുവെന്ന പ്രചാരണം ഒരുവശത്ത് ചൂടുപിടിക്കുന്നതിനിടെ, ഈ പഴം വിവാദത്തിലൂടെ സ്വന്തം ബ്രാന്‍ഡുകളുടെ മേന്മകൂട്ടാനാണ് പല വന്‍കിടകമ്പനികളും ശ്രമിക്കുന്നത്.

”ഞങ്ങളോട് ആരും പറഞ്ഞില്ല 442 രൂപ രണ്ടു പഴത്തിന്റെ വിലയാണെന്ന്. എന്നാല്‍, ഞങ്ങള്‍ ആ വിലയ്ക്ക് ഒരു മുറി വാടകയ്ക്ക് നല്‍കുകയാണ്”- ഓയോ റൂംസ് എന്ന ഓണ്‍ലൈന്‍ ഹോട്ടല്‍ ശൃംഖലയുടെ പുതിയ പരസ്യമിങ്ങനെയാണ്. രണ്ട് പഴത്തിന്റെ വിലയ്ക്ക് റൂം നല്‍കാന്‍ തയ്യാറാണെന്ന് ഓയോ റൂംസ് പറയുന്നു.

രണ്ട് ദിവസത്തിനകം ഹോട്ടല്‍ താജ് ഉള്‍പ്പെടെയുള്ള പത്തോളം ബ്രാന്‍ഡുകളാണ് ഈ മൂവ്‌മെന്റ് അവരുടെ പരസ്യത്തിലുപയോഗിച്ചത്. പിസ ഹട്ട്, ഗോദ്‌റേജ് നേച്വേഴ്‌സ് ബാസ്‌കറ്റ്, അരേ ന്യൂസ് പോര്‍ട്ടല്‍, ആമസോണ്‍, റിലയന്‍സ് ജിയോ, ഓയോ റൂം, ദ പാര്‍ക്ക് തുടങ്ങിയ ബ്രാന്‍ഡുകളാണ് ‘രാഹുല്‍ ബോസ് മൂവ്‌മെന്റി’ന്റെ പശ്ചാത്തലത്തില്‍ പരസ്യങ്ങളുമായെത്തിയത്. രണ്ടുപഴത്തിന് 442 രൂപ ഈടാക്കിയ മാരിയറ്റ് പഞ്ചനക്ഷത്ര ഹോട്ടലിന് 25,000 രൂപ പിഴശിക്ഷ ലഭിച്ച വാര്‍ത്തയും ഈ പരസ്യങ്ങള്‍ക്ക് പ്രചാരം കൂട്ടി.

രണ്ടുപഴത്തിന് 442 രൂപ നല്‍കുന്നതിനുപകരം രുചിയേറിയ പിസ 99 രൂപയ്ക്ക് ഞങ്ങള്‍ നല്‍കുമെന്നാണ് പിസ ഹട്ട് നല്‍കിയിരിക്കുന്ന പരസ്യം. നിങ്ങള്‍ ആഗ്രഹിക്കുന്ന പഴം പുതുമയോടെ സൗജന്യമായി തരാമെന്നതാണ് ഹോട്ടല്‍ രംഗത്ത് മാരിയറ്റിന്റെ എതിരാളിയായ താജിന്റെ പ്രഖ്യാപനം.

പഴത്തെ വേണ്ടെന്നു വെക്കാന്‍ ഒരു കാരണവുമില്ലെന്ന ടാഗ് ലൈനോടെയാണ് ഗോദ്‌റേജിന്റെ ഭക്ഷ്യവിതരണ ശൃംഖലയായ നേച്വേഴ്‌സ് ബാസ്‌കറ്റ് പരസ്യമിറക്കിയത്. 442 രൂപയ്ക്കുപകരം 14 രൂപ മാത്രം നല്‍കിയാല്‍ മതിയെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. 442 രൂപയ്ക്ക് രണ്ട് പഴം ലഭിക്കുമ്പോള്‍ മൂന്നുമാസത്തെ പ്രൈം വീഡിയോ, സൗജന്യ എത്തിക്കല്‍, ഉടനടി ഷിപ്പിങ്, മ്യൂസിക് സ്ട്രീമിങ്, ഇ-ബുക്സ് എന്നിവയും 55 രൂപയുടെ ഇളവും നല്‍കാമെന്നതാണ് ആമസോണ്‍ പ്രൈമിന്റെ പരസ്യം. 399 രൂപയ്ക്ക് 84 ദിവസത്തേക്ക് ദിവസം 1.5 ജി.ബി. ഇന്റര്‍നെറ്റ് നല്‍കാമെന്നതാണ് റിലയന്‍സ് ജിയോയുടെ പോസ്റ്റ് എന്നതും ഏറെ ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button