തിരുവനന്തപുരം : 48 വകുപ്പുകളിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നാളെ മുതല്‍ ട്രഷറി വഴി. ഒരു ലക്ഷത്തിലേറെ ജീവനക്കാരുടെ ശമ്പളമാണ് ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലേക്ക് ഇടുന്നത്. ഇതില്‍ എത്ര ശതമാനം തുക ട്രഷറിയില്‍ സൂക്ഷിക്കണമെന്ന കാര്യം ജീവനക്കാര്‍ക്ക് തീരുമാനിക്കാം. 48 വകുപ്പുകളിലെ 1,13,206 ജീവനക്കാരുടെ ശമ്പളമാണ് ആദ്യഘട്ടമായി ട്രഷറി വഴി വിതരണം ചെയ്യുന്നത്.
സെക്രട്ടേറിയറ്റിലെ എല്ലാ ജീവനക്കാരുടെയും ശമ്പളം നാളെ മുതല്‍ ട്രഷറിവഴിയാകും. റവന്യു, വിദ്യാഭ്യാസം, ടൂറിസം, ജുഡീഷ്യറി, വനിതാശിശുക്ഷേമം തുടങ്ങിയവയിലെ ജീവനക്കാരുടെ ശമ്പളവും ട്രഷറി വഴിയാകും നല്‍കുക. ജീവനക്കാര്‍ക്ക് പണം പിന്‍വലിക്കുകയോ മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയോ ചെയ്യാം. പത്തുശതമാനം മുതല്‍ 100 ശതമാനം വരെ തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം.
ശമ്പളം ട്രഷറി വഴിയാക്കാനുള്ള തീരുമാനം രണ്ടുതവണ മാറ്റിവച്ചതിനുശേഷമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന സര്‍ക്കാര്‍ ട്രഷറിയില്‍ പണം ഉറപ്പാക്കുന്നതിനാണ് ശമ്പളവിതരണം ട്രഷറിവഴിയാക്കുന്നത്. എണ്‍പതിനായിരത്തോളം പേര്‍ ഇതുവരെ ഓണ്‍ലൈനായി ഓപ്ഷന്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. ചിലര്‍ ഡിഡിഒയ്ക്ക് സമ്മതപത്രം എഴുതിനല്‍കുകയാണ് ചെയ്തിരിക്കുന്നത്.
15 ദിവസത്തിലേറെ ട്രഷറിയില്‍ ശമ്പളം സൂക്ഷിക്കുന്നവര്‍ക്ക് ആറുശതമാനം പലിശയും ലഭിക്കും. എത്രശതമാനം തുക ട്രഷറിയില്‍ നിലനിര്‍ത്തുന്നോ അതിന് ആനുപാതികമായിരിക്കും ലഭിക്കുന്ന പലിശയും. അടുത്തമാസം ഒന്നാംതീയതി പലിശ അക്കൗണ്ടിലെത്തും. വൈകാതെ ട്രഷറിയില്‍ ഇന്റര്‍നെറ്റ്, എടിഎം സംവിധാനങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് ധനവകുപ്പ്. എങ്കില്‍ മാത്രമേ ശമ്പളം ട്രഷറിയില്‍ തന്നെ നിലനിര്‍ത്താന്‍ ജീവനക്കാര്‍ക്ക് താല്‍പര്യമുണ്ടാകൂ.
Post Your Comments