മോറട്ടോറിയം കാലാവധി അവസാനിച്ചാലും ജപ്തിയെക്കുറിച്ച് കര്‍ഷകര്‍ ആശങ്കപ്പെടേണ്ടെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍. ജപ്തി നടപടികളുമായി സര്‍ക്കാര്‍ സഹകരിക്കില്ല. ബാങ്കുകള്‍ക്കും സാമൂഹ്യ ഉത്തരവാദിത്തമുണ്ട്. സാധ്യമായിരുന്നിട്ടും ബാങ്കേഴ്‌സ് സമിതി മോറട്ടോറിയം പ്രഖ്യാപിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
കര്‍ഷകരുടെ വായ്പകള്‍ക്ക് പ്രളയത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച മോറട്ടോറിയം കാലാവധി ഇന്ന് അവസാനിക്കുകയാണ്. മോറട്ടോറിയം ഡിസംബര്‍ വരെ നീട്ടുന്നതിനും വായ്പ പുന:ക്രമീകരിക്കാന്‍ വീണ്ടും സമയം നല്‍കുന്നതിനും ആര്‍ബിഐ ഇതുവരെ അനുമതി നല്‍കിയില്ല. കൃഷിമന്ത്രി നേരിട്ട് ആര്‍ബിഐ ഗവര്‍ണറെ കാണുകയും മുഖ്യമന്ത്രി കത്തയക്കുകയും ചെയ്തിട്ടും അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തില്‍ ഇനി പ്രതീക്ഷ വേണ്ട എന്നാണ് സൂചന.
നാളെ മുതല്‍ ജപ്തി നടപടി പുനരാരംഭിക്കാനാണ് ബാങ്കുകളുടെ തീരുമാനം. ജപ്തി നടപടികളുമായി സഹകരിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ജപ്തി നടപടികള്‍ക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് പൊലീസിന്റെ സഹായം കിട്ടില്ല. സര്‍ക്കാരിനെതിരെ ബാങ്കുകള്‍ കോടതിയെ സമീപിച്ചാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകും.
പുന:ക്രമീകരിച്ച വായ്പകള്‍ക്ക് മോറട്ടോറിയം നീട്ടി നല്‍കാന്‍ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിക്ക് അധികാരമുണ്ടെന്ന് കഴിഞ്ഞ ദിവസം ആര്‍ബിഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് നടക്കില്ലെന്ന് ബാങ്കേഴ്‌സ് സമിതി വ്യക്തമാക്കി. വായ്പകിട്ടാക്കടമാകുന്നതിനുള്ള വ്യവസ്ഥകളില്‍ ആര്‍ബിഐ ഇളവു നല്‍കാതെ ഇത് സാധിക്കില്ലെന്ന ന്യായമാണ് ബാങ്കേഴ്‌സ് സമിതി പറയുന്നത്. ഇതോടെ വായ്പ പുന:ക്രമീകരിച്ച ഒന്നേകാല്‍ ലക്ഷം കര്‍ഷകര്‍ കൂടി ജപ്തി ഭീഷണിയിലായി.
Post Your Comments