Latest NewsIndia

അയോധ്യ ഭൂമിതര്‍ക്കം; മൂന്നംഗസമിതിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും

ന്യൂഡല്‍ഹി : അയോധ്യ തര്‍ക്ക പരിഹാരത്തിനായി സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതിക്ക് നല്‍കിയ സമയം ഇന്ന് അവസാനിക്കും. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. മറ്റന്നാള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് കേസ് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് അയോധ്യ തര്‍ക്ക പരിഹാരത്തിനായി സുപ്രീം കോടതി മൂന്നംഗ മധ്യസ്ഥ സമിതിയെ ചുമതലപ്പെടുത്തിയത്. സുപ്രീംകോടതി മുന്‍ ജഡ്ജി എഫ്.എം ഖലീഫുള്ള, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു, ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

തുടര്‍ന്ന് നടത്തിയ ചര്‍ചകള്‍ക്ക് ശേഷം മെയ് 9 ന് സമിതി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സുപ്രീം കോടതി എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി. മധ്യസ്ഥ സമിതിയുടെ കാലാവധി അവസാനിച്ചതിനാല്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മറ്റന്നാള്‍ കേസ് വീണ്ടും പരിഗണിക്കും.

റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. സമിതിയുടെ ചര്‍ച്ചകളില്‍ പുരോഗതി ഇല്ലെന്നാണ് ഹരജിക്കാരുടെ വാദം. ഇക്കാര്യം പരിഗണിക്കവേ ചര്‍ച്ച എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം സമിതി അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡുമായി ലഖ്നൗവില്‍ ജൂലൈ 21 ന് ചര്‍ച്ച നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button