കട്ടപ്പന: ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് കല്യാണത്തണ്ട്. പെട്ടെന്നുള്ള വെയിൽ, പെട്ടെന്നുള്ള മഞ്ഞ് എന്നിവയാണ് ഈ സ്ഥലത്തിന്റെ ഒരു പ്രത്യേകത. കല്യാണത്തണ്ട് മഹാദേവ ക്ഷേത്രം സ്ഥിതിചെയ്യുന്ന ഈ പുണ്യ സ്ഥലം ഇടുക്കിയിലെ ജലാശയത്തോട് ചേർന്ന് കിടക്കുന്നു. കന്യാകുമാരി കഴിഞ്ഞാൽ സൂര്യാസ്ഥമയം ഏറ്റവും മനോഹരമായി ദൃശ്യമാകുന്ന സ്ഥലമാണ് കല്യാണത്തണ്ട്.
നിരവധി വിനോദ സഞ്ചാരികൾ അറിഞ്ഞുകേട്ടു വരുന്ന ഈ സ്ഥലം ചരിത്രപരമായും, ഐതീഹ്യപരമായും വളരെയധികം പ്രാധാന്യമർഹിക്കുന്ന സ്ഥലമാണ്. വനവാസ കാലത്ത് ശ്രീരാമനും, സീത ദേവിയും, ലക്ഷ്‌മണനും ഇവിടെ സന്ദർശിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. അതിനുശേഷം ശ്രീരാമൻ തന്റെ ഇഷ്ട ദേവനായ ശിവനെ ഇവിടെ പ്രതിഷ്ഠിച്ചു. ശിവനും, പാർവ്വതിയും പ്രണയിതാക്കളായാണ് ഇവിടെ കുടികൊള്ളുന്നത്. കുട്ടികൾ ഇല്ലാത്ത ദമ്പതിമാർ ഇവിടെ വന്നു പ്രാർത്ഥിച്ചാൽ സന്താന സൗഭാഗ്യം ഉണ്ടാകുമെന്നാണ് വിശ്വാസം.
അതുപോലെ പാണ്ഡവരുടെ വനവാസകാലത്ത് അവർ ഇവിടെ വരികയും ഈ സ്ഥലത്തിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്‌തു. അവർ ഭക്ഷണം കഴിച്ച അഞ്ച് ഉരുളികൾ അതിനുശേഷം ഇവിടെ കമഴ്ത്തി വെച്ചിട്ട് പോയി. അതിനാലാണ് കല്യാണത്തണ്ടിനോട് ചേർന്നു കിടക്കുന്ന ഇടുക്കി അഞ്ചുരളി ജലാശയത്തിന് “അഞ്ചുരുളി” എന്ന് പേരു വന്നത്.
ഗാനഗന്ധർവ്വൻ യേശുദാസ് കുടുംബ സമേതം അടുത്തിടെ കല്യാണത്തണ്ട് ക്ഷേത്രം സന്ദർശിച്ചിരുന്നു. ക്ഷേത്രം ഇപ്പോൾ പുതുക്കി പണിതുകൊണ്ടിരിക്കുകയാണ്. പൂർണ്ണമായും കൃഷ്‌ണശിലയിൽ ആണ് കല്യാണത്തണ്ട് മഹാദേവ ക്ഷേത്രത്തിന്റെ നിർമ്മാണം നടക്കുന്നത്.
കട്ടപ്പന ചെറു തോണി റോഡിൽ നിർമ്മല സിറ്റി എന്ന സ്ഥലത്തു നിന്നു രണ്ടു കിലോമീറ്റര്‍ മാറി ആണ് ഈ സ്‌ഥലം. വ്യത്യസ്തമായ കാഴ്ച്ച ഭംഗി ഇവിടെ വന്നാൽ ആസ്വദിക്കാം. പച്ചപ്പ് പുതച്ചു നിൽക്കുന്ന മലനിരകൾ എല്ലാ സഞ്ചാരികളെയും ആകർഷിക്കുന്നതാണ്. പ്രത്യേകം പാസുകളോ കാര്യങ്ങളോ ഇവിടെ നിലവിൽ ഇല്ല.
Post Your Comments