KeralaLatest News

മരട് ഫ്‌ലാറ്റ് പൊളിക്കണമെന്ന കോടതി വിധി; ധര്‍ണയുമായി ഫ്‌ലാറ്റ് ഉടമകള്‍, നഗരസഭയ്‌ക്കെതിരെ പ്രതിഷേധം ശക്തം

കൊച്ചി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് മരട് നഗരസഭാ ഓഫീസിന് മുന്നില്‍ ഫ്‌ലാറ്റ് ഉടമകള്‍ ധര്‍ണ നടത്തി. നഗരസഭയുടെ തെറ്റായ നിലപാടുമൂലമാണ് സുപ്രീം കോടതി ഫ്‌ലാറ്റ് പൊളിക്കാന്‍ ഉത്തരവിട്ടതെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി. പരിസ്ഥിതി ലോല പ്രദേശങ്ങളെ തരം തിരിക്കുന്ന സിആര്‍സെഡ് നിയമങ്ങളിലെ അപാകതയാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഇതില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഫ്‌ലാറ്റുടമകള്‍ ആവശ്യപ്പെട്ടു.

സെബാസ്റ്റ്യന്‍ പോള്‍, കെ.ബാബു, സൗബിന്‍ ഷാഹിര്‍. മേജര്‍ രവി തുടങ്ങിയവര്‍ ധര്‍ണയില്‍ പങ്കെടുത്തു. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിച്ച് നീക്കണം എന്ന് മെയ് എട്ടിനാണ് സുപീംകോടതി ഉത്തരവിട്ടത്. ഹോളി ഫെയ്ത്ത്, കായലോരം, ഹോളിഡേ ഹെറിറ്റേജ്, ജെയിന്‍ ഹൗസിംഗ്, ആല്‍ഫ വെന്‍ച്വെര്‍സ് എന്നീ ഫ്‌ലാറ്റുകള്‍ പൊളിക്കാനാണ് കോടതി ഉത്തരവിട്ടത്.

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള കേസില്‍ തങ്ങളെ കൂടി കക്ഷി ചേര്‍ക്കണമെന്നും പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഫ്‌ലാറ്റ് ഉടമകള്‍ ആവശ്യപ്പെടുന്നു. സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതി തങ്ങളെ കേള്‍ക്കാതെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഉണ്ടായത്. അതുകൊണ്ടുതന്നെ റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികളും തുറന്ന കോടതിയില്‍ വാദം കേള്‍ക്കാതെ തള്ളിപ്പോയി. നഗരസഭ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയ സാഹചര്യത്തിലാണ് തങ്ങള്‍ ഫ്‌ലാറ്റുകള്‍ വാങ്ങിയത്. ഫ്‌ലാറ്റ് ഉടമകളുടെ പ്രശ്‌നങ്ങള്‍ നഗരസഭ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയില്ലെന്നും ഫ്‌ലാറ്റുടമകള്‍ കുറ്റപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button