ബുലന്ദ്ഷഹര്‍ : അടുത്ത വര്‍ഷത്തോടെ സൈനിക സ്‌കൂള്‍ ആരംഭിക്കാനൊരുങ്ങി ആര്‍എസ് എസ്. സൈനികവിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാകാനുള്ള പരിശീലനകമാകും കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്ന് ലഭിക്കുക. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലുള്ള ശികര്‍പുറിലാകും ആദ്യ സ്‌കൂള്‍. ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാ ഭാരതിക്കാകും ഇതിന്റെ നടത്തിപ്പ് ചുമതല. ആണ്‍കുട്ടികള്‍ക്ക് മാത്രമേ ഈ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശനമുള്ളൂ.
ആര്‍എസ്എസ് മുന്‍ നേതാവ് രാജേന്ദ്ര സിങ്ങിനോടുള്ള ആദരസൂചകമായി രാജു ഭയ്യ സൈനിക് വിദ്യാ മന്ദിര്‍ എന്നാണ് സ്‌കൂളിന് പേര് നല്‍കിയിരിക്കുന്നത്. രാജേന്ദ്ര സിങ്ങിന്റെ ജന്മസ്ഥലമായ ഉത്തര്‍പ്രദേശിലെ ബുലന്ത്‌സഹറിലാകും സ്‌കൂള്‍ പ്രവര്‍ത്തിക്കുക. ആണ്‍കുട്ടികള്‍ക്കായുള്ള സ്‌കൂള്‍ സിബിഎസ്ഇ സിലബസ് ആകും പിന്തുടരുക. നാലാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലാണ് പ്രവേശനം. ഏപ്രിലില്‍ ക്ലാസുകള്‍ തുടങ്ങും.
നാലാം ക്ലാസില്‍ 160 വിദ്യാര്‍ഥികളെയാണ് ഉള്‍ക്കൊള്ളിക്കുക. വീരമൃത്യു വരിച്ച സൈനികരുടെ മക്കള്‍ക്ക് 56 സീറ്റുകള്‍ സംവരണം ചെയ്തിട്ടുമുണ്ട്. കര-നാവിക-വ്യോമസേനകളില്‍ ഉദ്യോഗസ്ഥരുടെ അഭാവം രാജ്യത്തുണ്ട്. സേനകളിലെ യോഗ്യതാ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാന്‍ നിരവധി ചെറുപ്പക്കാര്‍ക്ക് കഴിയുന്നില്ല എന്നതാണ് ഇതിന് പിന്നിലെ കാരണം. സൈന്യത്തിലെ ആളുകളുടെ അഭാവം നികത്താന്‍ ഓരോ സംസ്ഥാനത്തും ഓരോ സൈനിക സ്‌കൂളുകള്‍ വരുമെന്നും സ്‌കൂളിന് വേണ്ടി തയ്യാറാക്കിയ ലഘുലേഖയില്‍ പറയുന്നു.
Post Your Comments