ബ്രസീലിയ: ബ്രസീലിലെ ജയിലില്‍ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. ബ്രസീലിലെ അള്‍ട്ടമിറ ജയിലിലാണ് സംഭവം. ജയിലില്‍ കഴിയുന്നവരിലെ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കലാപത്തില്‍ കലാശിച്ചത്.
ഞായറാഴ്ചത്തെ സന്ദര്‍ശക സമയത്താണ് സംഘര്‍ഷമാരംഭിച്ചത്.
സംഘര്‍ഷം അഞ്ച് മണിക്കൂറോളം നീണ്ടു. 16 മൃതദേഹങ്ങള്‍ തലവെട്ടി മാറ്റിയ നിലയിലായിരുന്നു. ഒരു വിഭാഗം ജയിലിന് തീവച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ ശ്വാസം മുട്ടിയും മരിച്ചു. രണ്ട് ജയില്‍ ജീവനക്കാരെ കലാപകാരികള്‍ തടഞ്ഞുവച്ചെങ്കിലും പിന്നീട് വിട്ടയച്ചുവെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ലോകത്ത് ഏറ്റവും കൂടുതല്‍ തടവുപുള്ളികളുള്ള മൂന്നാമത്തെ രാജ്യമാണ് ബ്രസീല്‍. ഈ വര്‍ഷത്തെ കണക്കുപ്രകാരം 7,12,305 പേരാണ് ബ്രസീലില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നത്. എന്നാല്‍, ഇത്രയുംപേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമില്ലാത്തത് ചേരിപ്പോരിനും കലാപത്തിനും ജയില്‍ചാടല്‍ ശ്രമങ്ങള്‍ക്കും വഴിവയ്ക്കാറുണ്ട്.
ടൂത്ത് ബ്രഷിന്റെ അറ്റം മൂര്‍ച്ചകൂട്ടിയതുകൊണ്ടുള്ള ആക്രമണത്തില്‍ സന്ദര്‍ശകരുടെ മുന്നില്‍വച്ച് നിരവധി പേര്‍ക്ക് കുത്തേറ്റു. അക്രമം നിയന്ത്രിക്കാനായെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. പരിഭ്രാന്തി പരത്തിയാണ് ആക്രമണം അരങ്ങേറിയതെന്ന് തടവുപുള്ളിയായ മകനെ സന്ദര്‍ശിക്കനെത്തിയ സ്ത്രീ പറഞ്ഞു.
Post Your Comments