തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുകേസ് പ്രതി ശിവരഞ്ജിത്ത് 2016ല്‍ എഴുതിയ ബി.എ ഫിലോസഫി പരീക്ഷയുടേതുള്‍പ്പെടെ കേരള യൂണിവേഴ്‌സിറ്റിയില്‍ സൂക്ഷിച്ചിട്ടുള്ള മുന്‍ വര്‍ഷങ്ങളിലെ ഉത്തരക്കടലാസുകള്‍ വില്‍ക്കാന്‍ പരീക്ഷാവിഭാഗത്തില്‍ തിരക്കിട്ട നീക്കം നടക്കുന്നു. പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി രണ്ട് വര്‍ഷം കഴിഞ്ഞാല്‍ ഉത്തരക്കടലാസുകള്‍ പുറത്തു വില്‍ക്കാമെന്നാണ് നിയമം. ഇതിന്റെ മറപിടിച്ചാണ് വിവാദ ഉത്തരക്കടലാസുകളും വില്‍ക്കുന്നത്.
ഈ വര്‍ഷത്തെ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാലാണ് മുന്‍ വര്‍ഷത്തെ പേപ്പറുകള്‍ വില്‍ക്കാന്‍ നിര്‍ബന്ധിതമായതെന്നാണ് സര്‍വകലാശാല പറയുന്നത്. പി.എസ്.സിയുടെ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയില്‍ ഒന്നും രണ്ടും റാങ്ക് കിട്ടിയവരുടെ രജിസ്റ്റര്‍ നമ്പര്‍ എഴുതിയ ഉത്തരക്കടലാസുകളാണ് ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്. തുടര്‍ന്ന് ഇവര്‍ 2016ല്‍ എഴുതിയ യൂണിവേഴ്സിറ്റി പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കാന്‍ തീരുമാനിച്ചു.
ഇതിനിടെയാണ് സര്‍വകലാശാലയില്‍ സൂക്ഷിച്ചിട്ടുള്ള മുഴുവന്‍ പേപ്പറുകളും വില്‍ക്കാന്‍ നീക്കം നടക്കുന്നത്.ബി.എ ഫിലോസഫി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയാലേ എം.എയ്ക്ക് പ്രവേശനം കിട്ടൂ. എന്നാല്‍, എം.എയ്ക്ക് ഒരു സെമസ്റ്ററിനും പാസാകാത്തയാള്‍ക്ക് ബി.എ പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്കും പി.എസ്.സി പരീക്ഷയില്‍ ഒന്നാം റാങ്കും ലഭിച്ചതാണ് സംശയത്തിനിടയാക്കിയത്.
Post Your Comments