തിരുവനന്തപുരം: അമ്പൂരി രാഖി കൊലക്കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാകാതെ പോലീസ് സംഘം മടങ്ങി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പോലീസ് സംഘം തിരികെ പോയത്. രാഖിയെ കഴുത്ത് മുറുക്കി കൊല്ലാനുപയോഗിച്ച കയറും ഇവിടെ നിന്നും കണ്ടെടുക്കാനായില്ല.
അഖിലുമായി എത്തിയ പോലീസ് വാഹനം നാട്ടുകാര്‍ തടഞ്ഞു. രാഖി കൊലപാതകത്തില്‍ അഖിലിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്നും അവരെ കൂടി അറസ്റ്റ് ചെയ്ത ശേഷം മതി തെളിവെടുപ്പെന്നും ആക്രോശിച്ചാണ് ജനക്കൂട്ടം അക്രമാസക്തരായത്. അഖിലിനെ കണ്ടപ്പോള്‍ തന്നെ നാട്ടുകാര്‍ കൂവി വിളിച്ച് ബഹളം വച്ചു. പ്രതിക്ക് നേരെ കല്ലേറും ഉണ്ടായി. പോലീസ് വാഹനം തടഞ്ഞുവക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തിയപ്പോള്‍ നാട്ടുകാരെ പോലീസ് ലാത്തിവീശി ഓടിച്ചു. തെളിവെടുപ്പ് തടസപ്പെടുത്തരുതെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചിട്ടും പലപ്പോഴും ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാത്ത സാഹചര്യവും ഉണ്ടായി. വന്‍ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് അഖിലിനെ തെളിവെടുപ്പിന് എത്തിച്ചത്. രാഖിയെ കൊന്ന് കുഴിച്ചുമൂടിയ അഖിലിന്റെ പുതിയ വീട്ടിലും സമീപത്തുമെല്ലാം സംഘര്‍ഷത്തിനിടയിലും പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. രാഖിയുടെ കൊലപാതകത്തില്‍ അഖിലിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. രാഖിയുടെ അച്ഛന്‍ അടക്കമുള്ള ബന്ധുക്കള്‍ ഇക്കാര്യം ആരോപിക്കുകയും ചെയ്തിട്ടുണ്ട്. ഇത് തന്നെയാണ് ഇപ്പോള്‍ നാട്ടുകാരും ആരോപിക്കുന്നത്. കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയും ആസൂത്രിത നീക്കവും എല്ലാം ആരോപിച്ചാണ് അഖിലിന്റെ വീട്ടുകാരെ കൂടി പ്രതി ചേര്‍ത്ത് അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഒടുവില്‍ പോലീസ് സംഘം തെളിവെടുപ്പ് മതിയാക്കി മടങ്ങുകയായിരുന്നു.
Post Your Comments