ദുബായ്: ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയര്‍ഇന്ത്യ വിമാനം 24 മണിക്കൂറില്‍ അധികം വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് പുറപ്പെടേണ്ടിയിരുന്ന എഐ 934 നമ്പര്‍ വിമാനമാണ് ഒരു ദിവസത്തിലധികം വൈകിയത്.
എന്നാല്‍, ശനിയാഴ്ച തന്നെ അടിയന്തരമായി എത്തേണ്ടിയിരുന്ന യാത്രക്കാരില്‍ 30 പേരെ മറ്റു വിമാനങ്ങളില്‍ യാത്രയാക്കിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ വ്യക്തമാക്കി. കുറേപ്പേര്‍ ടിക്കറ്റ് റദ്ദാക്കി പണം തിരിച്ചുവാങ്ങുകയും ചിലര്‍ താമസസ്ഥലത്തേക്ക് മടങ്ങുകയും ചെയ്തിരുന്നു. വൈകിയിട്ടും പോകാന്‍ തയാറായ യാത്രക്കാര്‍ മാത്രമേ ഹോട്ടലില്‍ തങ്ങിയുള്ളു. ശനിയാഴ്ച വൈകിട്ട് കേടായ വിമാനം നന്നാക്കുന്നതിനായി എന്‍ജിനീയര്‍മാര്‍ എത്തിയെങ്കിലും അവര്‍ക്കുള്ള പാസ് ദുബായ് എയര്‍പോര്‍ട് അതോറിറ്റി നല്‍കാന്‍ താമസിച്ചതും വീണ്ടും യാത്ര വൈകാന്‍ ഇടയായി. ശനിയാഴ്ച തന്നെ പാസ് നല്‍കിയിരുന്നെങ്കില്‍ വിമാനത്തിന് ശനിയാഴ്ച രാത്രിയോ ഞായറാഴ്ച രാവിലെയോ തകരാറുകള്‍ പരിഹരിച്ച് പുറപ്പെടാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് ഈ പാസ് അനുവദിച്ചത്.
സ്ത്രീകളും കുട്ടികളും രോഗികളും വയോധികരുമടക്കമുള്ള യാത്രക്കാര്‍ക്ക് വിമാനത്താവളത്തിനകത്തെ ദുബായ് ഇന്റര്‍നാഷനല്‍ ഹോട്ടലില്‍ ഏറെ നേരം കാത്തിരിക്കേണ്ടി വന്നു. വസ്ത്രങ്ങളടക്കമുള്ള അത്യാവശ്യ സാധനങ്ങള്‍ പലരും ലഗ്ഗേജിലാണ് വച്ചിരുന്നത്. ഇത് നേരത്തെ എയര്‍ ഇന്ത്യാ അധികൃതര്‍ സ്വീകരിച്ചതിനാല്‍, യാത്രക്കാരുടെ കൈയില്‍ ഹാന്‍ഡ് ലഗ്ഗേജ് മാത്രമേയുള്ളൂ. മതിയായ വസ്ത്രവും മറ്റുമില്ലാതെ യാത്രക്കാര്‍ ഏറെ ദുരിതമനുഭവിക്കുകയാണെന്ന് യാത്രക്കാരിലൊരാളായ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ഹരി പറഞ്ഞു. സാങ്കേതിക പ്രശ്‌നം ഉണ്ടാകുന്നത് നമുക്ക് മനസിലാക്കാമെന്നും എന്നാല്‍, അത് എപ്പോള്‍ പരിഹരിക്കാനാകുമെന്നും വിമാനം ഏത് സമയം പുറപ്പെടാനാകുമെന്നൊക്കെ വ്യക്തമാക്കേണ്ടത് എയര്‍ ഇന്ത്യാ അധികൃതരുടെ ഉത്തരവാദിത്തമാണെന്നും സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ പ്രയാസത്തിലാക്കി അധികൃതര്‍ മൗനം തുടരുന്നത് അനീതിയാണെന്നും ഇദ്ദേഹം പരാതിപ്പെട്ടിരുന്നു.
രണ്ട്, മൂന്ന്, ഏഴ് വയസുള്ള കുട്ടികളുമായി തനിച്ച് യാത്ര പുറപ്പെട്ട യുവതിയാണ് ഏറെ ദുരിതത്തിലായ യാത്രക്കാരിലൊരാള്‍.എയര്‍ ഇന്ത്യ അധികൃതര്‍ ആരും തങ്ങളെ തിരിഞ്ഞുനോക്കുന്നില്ലെന്നും ഇളയ കുട്ടിക്കുള്ള പാംപേഴ്സ് തീര്‍ന്നതു പ്രശ്നമായി എന്നും ഇവര്‍ പറയുന്നു.വേദന കലശലായപ്പോള്‍ ഒരു ഗുളിക ചോദിച്ചിട്ട് പോലും ആരും തന്നില്ല. ഭക്ഷണം കഴിക്കാന്‍ പോലും മെട്രോയില്‍ കയറി പോകേണ്ട അവസ്ഥയാണെന്നും കൊച്ചി സ്വദേശിനിയായ യുവതി പരാതിപ്പെട്ടു.
ദുബായ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ ഒന്നില്‍ നിന്നു ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് പുറപ്പെടേണ്ടിയിരുന്ന എ ഐ 934 നമ്പര്‍ ഡ്രീംലൈനര്‍ വിമാനം കൊച്ചിയിലേക്ക് പോകേണ്ട യാത്രക്കാര്‍ വിമാനത്താവളത്തിലെത്തി ബോര്‍ഡിങ് പാസെടുത്ത് പുറപ്പെടുന്നതിന് ഒരുമണിക്കൂര്‍ മുമ്പാണ് വിമാനം വൈകുമെന്ന വിവരം അധികൃതര്‍ അറിയിച്ചത്. സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നായിരുന്നു വിശദീകരണം. പിന്നീട് 250ലേറെ യാത്രക്കാരെ ടെര്‍മിനല്‍ മൂന്നിലെ ദുബായ് ഇന്റര്‍നാഷനല്‍ ഹോട്ടലിലേയ്ക്ക് മാറ്റുകയായിരുന്നു. യാത്രക്കാരില്‍ ചിലര്‍ മറ്റു വിമാനങ്ങളില്‍ യാത്രയാവുകയും സ്വന്തം താമസ സ്ഥലത്തേയ്ക്ക് തിരിച്ചുപോവുകയും ചെയ്തു. എന്നാല്‍ വടക്കന്‍ എമിറേറ്റുകളില്‍ നിന്നും മറ്റും വന്ന യാത്രക്കാരാണ് ഹോട്ടലില്‍ കുടുങ്ങിയത്.
Post Your Comments