മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ബി.സി.സി.ഐ നേരിട്ട് മുൻകൈയ്യെടുക്കുന്നു. ദേശീയമാധ്യമങ്ങളടക്കം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ബി.സി.സി.ഐയുടെ പുതിയ നീക്കം.
രോഹിത്തിന്റെയും, കോലിയുടെയും നേതൃത്വത്തില്‍ ടീമില്‍ രണ്ടു ഗ്രൂപ്പുകളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ടുപേര്‍ തമ്മിലുള്ള പ്രശ്‌നം അവരെ പിന്തുണയ്ക്കുന്നവര്‍ ഏറ്റെടുക്കുന്ന സ്ഥിതി വന്നാല്‍ അത് വഷളാകും. കോലിയും രോഹിത്തും പക്വതയുള്ള വ്യക്തികളാണ്. കാര്യങ്ങള്‍ സംസാരിച്ച് പരിഹരിക്കാവുന്നതേയുള്ളൂ, ബി.സി.സി.ഐ വൃത്തങ്ങള്‍ പ്രതികരിച്ചു.
വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീം അമേരിക്കയിലാണ്. ഇതിനിടെ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്രി അമേരിക്കയിലേക്ക് പോകുമെന്നാണ് ബി.സി.സി.ഐയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ഇന്ത്യന്‍ ടീം പുറത്തായതോടെയാണ് ഇരുവരും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നതയുള്ളതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയത്.
Post Your Comments