തലയില്‍ താരനുണ്ടെങ്കില് പിന്നെ സൗന്ദര്യപ്രശ്നങ്ങള്‍ കൂട്ടത്തോടെ വരാന്‍ തുടങ്ങും. മുടിപൊഴിച്ചില്‍ നെറ്റിയിലും തോളിലുമൊക്കെയായി പ്രത്യക്ഷപ്പെടുന്ന ചെറിയ കുരുക്കള്‍ എന്നിവയൊക്കെ താരന്റെ ഭാഗമാണ്. എന്നാല്‍ താരന് വരുന്നതില്‍ കാലാവസ്ഥയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച്, സത്യത്തില്‍ താരന്റെ അളവിലും ഗണ്യമായ മാറ്റങ്ങള്‍ കാണാറുണ്ട്.
മഴക്കാലത്താണ് താരന് മിക്കവര്‍ക്കും വില്ലനാകുന്നത്. മഴ സമയങ്ങളില്‍ അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലായിരിക്കും. അതിന്റെ ഭാഗമായി തലയോട്ടിയിലെ ചര്‍മ്മം വരണ്ടു പോകുന്നു. ഇങ്ങനെയാണ് മഴക്കാലത്ത് താരന് കൂടുന്നത്. ഇതിന് പുറമെ, പതിവായി മുടിയില്‍ തേക്കുന്ന എണ്ണ, ക്രീം മറ്റ് ‘ഹെയര്‍ പ്രോഡക്ടുകള്‍’ എന്നിവയും താരന് വഴിവെക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇത് ഒഴിവാക്കാന്‍ ചില മുന്‍ കരുതലുകള്‍ നമുക്ക് സ്വീകരിക്കാവുന്നതാണ്. ഒരു പരിധി വരെ ഇത് താരനില്‍ നിന്ന് രക്ഷ നേടാന്‍ സഹായകമായേക്കും. മഴക്കാലങ്ങളില്‍ ദിവസവും തല നന്നായി കഴുകി വൃത്തിയാക്കാക്കുക. ഇതിന് വീര്യം കുറഞ്ഞ ഷാംമ്പൂ ഉപയോഗിക്കാം. അതുപോലെ താരനകറ്റാന്‍ വേണ്ടിയുള്ള ഷാംമ്പൂവും ലഭ്യമാണ്. അത്തരത്തിലുള്ളവയും പരീക്ഷിക്കാം. ഷാംമ്പൂവിട്ട് മുടി കഴുകുന്നതിന് മുമ്പ് അല്പം വെളിച്ചെണ്ണയെടുത്ത് തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കണം. മുടിയില്‍ വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നതെങ്കില്‍ ചെറുതായി ഒന്ന് ചൂടാക്കിയ ശേഷം തലയില്‍ തേച്ച് പിടിപ്പിച്ച് മസാജ് ചെയ്യാം. തലയോട്ടി, നല്ലപോലെ ഒന്ന് തണുത്തതിന് ശേഷം മാത്രം തല നനയ്ക്കുക. എന്നാല്‍ ദിവസവും മുടിയില്‍ എണ്ണ തേക്കണമെന്നില്ല. ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം എണ്ണ പുരട്ടുന്നതാണ് നല്ലത്. ഒരു കാരണവശാലും തലയോട്ടിയിലെ ചര്‍മ്മം വരണ്ടതാക്കി മാറ്റുന്ന തരത്തിലുള്ള ഷാമ്പൂകള്‍ ഉപയോഗിക്കരുത്. ഇത് താരന് ശല്യം വീണ്ടും വര്‍ദ്ധിക്കാന്‍ കാരണമാകും. അതുപോലെ ആദ്യം സൂചിപ്പിച്ചതനുസരിച്ച്, എപ്പോഴും മഴക്കാലങ്ങളില്‍ മുടി വൃത്തിയായി കൊണ്ടുനടക്കുക. നന്നായി ഉണങ്ങി എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ മുടി കെട്ടി വയ്ക്കാവൂ.
Post Your Comments