അരിസോണ: മൃതദേഹത്തില്‍ നിന്നു വേര്‍പെടുത്തിയ ശരീരഭാഗങ്ങള്‍ പലയിടത്തും കൂട്ടിയിട്ടിരിക്കുന്നു, ബക്കറ്റുകള്‍ നിറയെ മനുഷ്യന്റെ തലകള്‍, കയ്യും കാലും മുറിച്ചെടുത്ത് പ്രത്യേകം കൂട്ടിയിട്ടിരിക്കുന്നു, ഒരു കൂളറിനകത്തു നിറയെ പുരുഷ ലൈംഗികവായവങ്ങള്‍ മരവിപ്പിച്ചു സൂക്ഷിച്ച നിലയില്‍. യുഎസിലെ അരിസോണയിലുള്ള ബയോളജിക്കല്‍ റിസോഴ്‌സ് സെന്ററില്‍(ബിആര്‍സി) പരിശോധനയ്‌ക്കെത്തിയ എഫ്ബിഐ ഏജന്റുമാര്‍ക്കു മുന്നിലായിരുന്നു ഈ നടുക്കുന്ന കാഴ്ച.
ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന ഉറപ്പോടെ പല കുടുംബങ്ങളും കൈമാറിയ മൃതദേഹങ്ങളാണ് ബിആര്‍സിയുടെ നേതൃത്വത്തില്‍ ശരീരഭാഗങ്ങള്‍ മാത്രം മുറിച്ചെടുത്തു വിറ്റത്. ഓരോ അവയവങ്ങള്‍ക്കും പ്രത്യേകം വിലയിട്ടായിരുന്നു വില്‍പന. മനുഷ്യ ശരീരഭാഗങ്ങള്‍ പലയിടത്തേക്കും അനധികൃതമായി കടത്തുകയും വില്‍പന നടത്തുകയും ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു ബിആര്‍സിയിലെ പരിശോധന.
പല ബക്കറ്റുകളിലും ശരീരഭാഗങ്ങള്‍ നിറച്ച അവസ്ഥയിലായിരുന്നു. തലകളില്‍ പലതും പുഴുവരിച്ച നിലയിലും. മൃതദേഹങ്ങള്‍ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ നടന്നിരുന്നതായും സംശയിക്കുന്നു. വലിയൊരു പുരുഷന്റെ മൃതദേഹത്തില്‍ യുവതിയുടെ ചെറിയ തല തുന്നിച്ചേര്‍ത്ത നിലയിലും കണ്ടെത്തി. പ്രശസ്ത നോവലായ ‘ഫ്രാങ്കന്‍സ്റ്റീനിലെ’ മൃതദേഹ പരീക്ഷണങ്ങളെ ഓര്‍മിപ്പിക്കുന്നതായിരുന്നു അതെന്ന് റെയ്ഡില്‍ പങ്കെടുത്ത മുന്‍ എഫ്ബിഐ എജന്റ് മാര്‍ക് സ്വെയ്‌നര്‍ പറയുന്നു.
ആരുടെ മൃതദേഹമാണ് എന്നറിയാന്‍ പോലുമാകാത്ത വിധം തിരിച്ചറിയല്‍ ടാഗുകളില്ലാതെയായിരുന്നു ശരീരഭാഗങ്ങള്‍ സൂക്ഷിച്ചിരുന്നത്. മൃതദേഹങ്ങളോടു യാതൊരുവിധത്തിലുള്ള ആദരവുമില്ലാതെയായിരുന്നു നടപടികളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1755 ശരീരഭാഗങ്ങളാണ് എഫ്ബിഐ കണ്ടെടുത്തതെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 142 ബോഡി ബാഗുകളിലായിരുന്നു ഇവ അവിടെ നിന്നു മാറ്റിയത്. ആകെ 10 ടണ്‍ ഭാരമുള്ള മൃതദേഹഭാഗങ്ങള്‍.
2013ലായിരുന്നു ബിആര്‍സിയില്‍ എഫ്ബിഐയുടെ റെയ്ഡ് നടന്നത്. തൊട്ടടുത്ത വര്‍ഷം സെന്റര്‍ അടച്ചുപൂട്ടുകയും ചെയ്തു. അനധികൃതമായി കമ്പനി നടത്തിയതിന്, ഇതിന്റെ നടത്തിപ്പുകാരനായ സ്റ്റീഫന്‍ ഗോറിന്ന് തടവുശിക്ഷയും ഏകദേശം 82 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. എന്നാല്‍ ബിആര്‍സിക്കു മൃതദേഹം കൈമാറിയ 33 പേര്‍ ചേര്‍ന്നു നല്‍കിയ കേസില്‍ ഒക്ടോബര്‍ 21ന് വാദം നടക്കാനിരിക്കുകയാണ്. ഇവരെല്ലാവരും കുടുംബാംഗങ്ങളുടെ മൃതദേഹം കൈമാറിയത് അവ ശാസ്ത്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന ഉറപ്പിനെത്തുടര്‍ന്നായിരുന്നു.
എന്നാല്‍ ഗോര്‍ വിശ്വാസ വഞ്ചന കാണിച്ചെന്നു ചൂണ്ടിക്കാട്ടിയാണിപ്പോള്‍ കേസ്. ആറു വര്‍ഷം മുന്‍പു നടന്ന പരിശോധനയില്‍ പങ്കെടുത്തവരുടെ ദൃക്സാക്ഷി വിവരങ്ങള്‍ ഇപ്പോഴാണു എഫ്ബിഐ പുറത്തുവിട്ടത്. മൃതദേഹം ഏറ്റെടുക്കുന്ന നാലു കമ്പനികളുണ്ട് അരിസോണയില്‍. ഇവയെല്ലാം അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ടിഷ്യൂ ബാങ്ക്‌സ് അംഗീകരിച്ചതാണ്. ബിആര്‍സിക്ക് ആ ലൈസന്‍സും ഉണ്ടായിരുന്നില്ല.
ഉപയോഗിക്കാത്ത ശരീരഭാഗങ്ങള്‍ ദഹിപ്പിച്ച് ചിതാഭസ്മവും പലപ്പോഴും ബിആര്‍സി വീട്ടുകാര്‍ക്കു നല്‍കിയിരുന്നു. അതുപോലും തട്ടിപ്പായിരുന്നെന്നാണ് ഇപ്പോള്‍ തെളിയുന്നത്. മാത്രവുമല്ല മൃതദേഹം പൂര്‍ണമായി ഉപയോഗിക്കാതെ ശരീരഭാഗങ്ങള്‍ ആവശ്യക്കാര്‍ക്ക് വില്‍ക്കുകയായിരുന്നെന്നും ബിആര്‍സി രേഖകളില്‍ നിന്നു വ്യക്തം. മൃതദേഹം വിട്ടുനല്‍കുന്നവര്‍ ഇത്തരം വില്‍പനയ്ക്ക് അനുമതിയും നല്‍കിയിരുന്നില്ല. ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments