ബസിൽ യാത്ര ചെയ്യുമ്പോൾ കണ്ട ഒരു അപകടത്തെക്കുറിച്ചും തുടർന്ന് നടന്ന സംഭവത്തെക്കുറിച്ചും ഒരു ഡോക്ടർ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. റോബിൻ കെ മാത്യു എന്നയാളാണ് കർണാടക ആർടിസി ബസിൽ യാത്ര ചെയ്യുമ്പോൾ നേരിൽ കണ്ട അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. കളമശ്ശേരി എച്ച്എംടി ജംഗ്ഷനിൽ വച്ച് ഒരു ബൈക്ക് അപകടത്തിൽപ്പെടുകയും ആളുകളെത്തി ബൈക്ക് മാറ്റി വഴിയൊരുക്കിയ ശേഷം യാത്ര തുടരുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാൽ ബസിലുണ്ടായിരുന്ന മറ്റൊരു പെൺകുട്ടി ഉടൻ തന്നെ ആംബുലൻസിൽ വിവരമറിയിച്ചു. അവിടെ കൂടിയിരുന്നവരിൽ ആ ചെറിയ പെൺകുട്ടി ഒഴികെ ആരും ഒരു ആംബുലൻസ് വിളിക്കാനോ ,പോലീസിനെ വിളിക്കാനോ മിനക്കെട്ടില്ല. അവരെ എടുത്തു ഉയർത്താൻ പോലും ആരും അത്ര ശുഷ്കാന്തി കാണിച്ചില്ലെന്ന് റോബിൻ മാത്യു വ്യക്തമാക്കുന്നു. സദാചാരവിരുദ്ധ പ്രവർത്തനമോ മതം മാറ്റമോ കണ്ടാൽ മാത്രമേ കേരളത്തിലെ ആളുകൾ പ്രതികരിക്കുകയുള്ളുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം;
ഇന്നലെ രാത്രി ഞാൻ മൈസൂരിലേക്കുള്ള കർണാടക ksrtc ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു. കളമശ്ശേരി എച്ച്എംടി ജംഗ്ഷനിൽ വച്ച് ഒരു ബൈക്ക് അപകടം.. രണ്ട് ബൈക്കുകൾ റോഡിൽ കിടപ്പുണ്ട് . എന്റെ ബസ്സിലെ ഡ്രൈവർ ഇറങ്ങി ചെന്ന് ഒന്ന് നോക്കി , കൺനിറയെ ദൃശ്യങ്ങൾ കണ്ട് തിരിച്ചു കയറി പോന്നു. ആരൊക്കെയോ കൂടി ഒരു ബൈക്ക് റോഡിൽ നിന്നും മാറ്റി വയ്ക്കുന്നു. വണ്ടിക്കു പോകുവാൻ ഉള്ള സ്ഥലം ഒത്തു. KSRTC ഡ്രൈവർ വണ്ടിയെടുത്ത് മുമ്പോട്ടു പോകാൻ തുടങ്ങുന്നു ..അപ്പോൾ ബസ്സിൽ ഉള്ള ഒരു ഒരു ചെറിയ പെൺകുട്ടി വിളിച്ച് പറഞ്ഞു “അയ്യോ അവരെ അങ്ങനെ വിട്ടുപോകരുത്. ആരെങ്കിലും അവരെ ഒന്നു സഹായിക്കൂ അവരുടെ ശരീരത്തിലൂടെ വണ്ടി കേറും. ” അപ്പോഴാണ് ഞാൻ വ്യക്തമായി ദൃശ്യങ്ങൾ ശ്രദ്ധിച്ചത് .. റോഡിൽ കിടക്കുന്ന ബൈക്കിന്റെ അടിയിൽ ഒരാളുണ്ട് . ആ കുട്ടി പറയുന്നത് കേട്ട് കുറച്ചുപേർ ബൈക്ക് പിടിച്ചുയർത്തി ആളെ പുറത്തെടുത്തു. ചോരയൊലിപ്പിച്ചു നിൽക്കുകയാണ് ഒരു ചെറുപ്പക്കാരൻ. പെൺകുട്ടി അപ്പോൾ തന്നെ സ്വന്തം ഫോണിൽ നിന്ന് ആംബുലൻസ് വിളിച്ചു . ഞാൻ പോലീസിനെ 100 എന്ന് നമ്പറിൽ വിളിച്ചു. ബിഎസ്എൻഎൽ വർക്ക് ചെയ്യുന്നില്ല .ഭാഗ്യത്തിന് എയർടെൽ ഉണ്ടായിരുന്നു. പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് ഞാൻ കാര്യം പറഞ്ഞു .സ്ഥലം അത്ര കൃത്യമായി പറയാൻ സാധിച്ചില്ല .
കെഎസ്ആർടിസി ബസ് മുൻപോട്ടു നീങ്ങി. പോലീസ് കൺട്രോൾ റൂമിൽ നിന്ന് എന്നെ തിരിച്ചു വിളിച്ചു ലൊക്കേഷൻ ചോദിച്ചു. ഞാനൊരു ലൊക്കേഷൻ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും വിളിച്ചു . കൂടെയുള്ള യാത്രക്കാരുടെ സഹായത്തോടെ ലൊക്കേഷൻ കൃത്യമായി പറഞ്ഞു കൊടുത്തു. .
അരമണിക്കൂർ കഴിഞ്ഞപ്പോൾ അവർ വീണ്ടും വിളിച്ചു. ആളെ കണ്ടു , ഒരു സ്പെഷലിസ്റ്റ് ആശുപത്രിയിലേക്ക് നീക്കുകയാണ് . അല്പം ഗുരുതരമാണ്. ഏലൂർ സ്വദേശിയാണ് അപകടത്തിൽപ്പെട്ടത്. പോലീസിനെ വിളിച്ച് അറിയിച്ചതിന് നന്ദി ഉണ്ട് സുഹൃത്തേ..
അപ്പോൾ മാത്രമാണ് എൻറെ മനസ്സിൽ ഒരു കാര്യം ഓർമ്മ വന്നത് . അവിടെ കൂടിയിരുന്നവരിൽ ആ ചെറിയ പെൺകുട്ടി ഒഴികെ ആരും ഒരു ആംബുലൻസ് വിളിക്കാനോ ,പോലീസിനെ വിളിക്കാനോ മിനക്കെട്ടില്ല. അവരെ എടുത്തു ഉയർത്താൻ പോലും ആരും അത്ര ശുഷ്കാന്തി കാണിച്ചില്ല . ജനം നോക്കിനിൽക്കെ നാഷണൽ ഹൈവെയിലാണ് സംഭവം.എൻറെ ബസ്സിൽ ഉണ്ടായിരുന്ന പല ചെറുപ്പക്കാരും പുറത്തിറങ്ങി ഫോട്ടോ എടുത്തു, തിരിച്ചു കയറി. നാളെ ഒരുപക്ഷേ ഞാൻ ഇതുപോലെ വഴിയിൽ കിടന്നു പോകാമെന്നൊന്നും ഇവർ ഒരിക്കലും ആലോചിച്ചിട്ട് ഉണ്ടാവില്ല.
നമ്മുടെ നാട്ടിൽ ആളുകൾ പെട്ടെന്ന് പ്രതികരിക്കണം എങ്കിൽ രണ്ട് കാര്യങ്ങൾ വിളിച്ചു പറഞ്ഞാൽ മതി .അയ്യോ അവിടെ സദാചാരവിരുദ്ധ പ്രവർത്തനം നടക്കുന്നു ..അല്ലെങ്കിൽ മതം മാറ്റം നടക്കുന്നു..
കഷ്ടം തന്നെ.. ലജ്ജിക്കുക കേരളമേ.
Post Your Comments