കൊല്ലം: ടിക് ടോക് വീഡിയോകളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവളായി മാറിയ കൊച്ചുമിടുക്കി ആരുണി കുറുപ്പിന്റെ ആകസ്മിക വേര്‍പാടില്‍ തേങ്ങുകയാണ് സോഷ്യല്‍മീഡിയ. രസകരമായ വീഡിയോകളിലൂടെ കൈയടി നേടിയ ആരുണിയുടെ മരണത്തില്‍ നിരവധിപേരാണ് അനുശോചനം രേഖപ്പെടുത്തിയത്.ടിക് ടോകില്‍ മാത്രം പതിനാലായിരത്തോളം ഫോളോവര്‍മാരുണ്ട്. ഫെയ്‌സ്ബുക്കിലും യൂട്യൂബിലും ആരുണിയുടെ വീഡിയോകള്‍ വൈറലായിരുന്നു.
കൊല്ലം കണ്ണനല്ലൂര്‍ ചേരിക്കോണം രമ്യയില്‍ പരേതനായ സനോജ് സോമരാജന്റെയും അശ്വതി സനോജിന്റെയും ഏകമകളായ ആരുണി എസ്. കുറുപ്പ്(9) കഴിഞ്ഞ ബുധനാഴ്ചയാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച പനിയും തലവേദനയുമായാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ രോഗം മൂര്‍ച്ഛിച്ചതോടെ കൊട്ടിയത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായതോടെ പിന്നീട് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ എട്ടുമണിയോടെ മരിച്ചു.
മരണകാരണം തലച്ചോറിലുണ്ടായ അണുബാധയെന്നു മാത്രമാണ് സ്ഥിരീകരിക്കാനായത്. എച്ച് വൺ എൻ വൺ ആണോ എന്ന് പരിശോധന റിപ്പോർട്ട് വന്ന ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ. ആരുണിയുടെ അച്ഛൻ ഒരു വർഷം മുൻപ് സൗദിയിൽ വാഹനാപകടത്തിൽ മരണമടഞ്ഞതിന്റെ ആഘാതം മാറും മുന്നെയാണ് ആരുണിയുടെ ഈ വിയോഗം. എഴുകോണ്‍ ശ്രീശ്രീ അക്കാദമിയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ആരുണി. ‘അമ്മ അശ്വതിയെ തനിച്ചാക്കിയാണ് അച്ഛന്റെ ലോകത്തേക്ക് ആരുണി യാത്രയായത്.
Post Your Comments