കൊല്ലം : കൊല്ലത്ത് പനി ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി ടിക് ടോക്കിലെ പ്രശസ്ത താരം. കണ്ണനല്ലൂര്‍ ചേരിക്കോണം രമ്യയില്‍ പരേതനായ സനോജ് സോമരാജന്റെയും അശ്വതി സനോജിന്റെയും ഏകമകള്‍ ആരുണി എസ്.കുറുപ്പ് (ഒന്‍പത്) ആണ് പനിയ്ക്ക് ചികിത്സയിലിരിക്കെ മരിച്ചത്. ഒരു വര്‍ഷം മുന്‍പാണ് ആരുണിയുടെ അച്ഛന്‍ സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചത്. ഏഴുകോണ്‍ ശ്രീ ശ്രീ അക്കാദമിയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ആരുണി.
ഭര്‍ത്താവിന്റെ വേര്‍പാടിന്റെ വേദനയ്ക്കിടെയാണ് അശ്വതിക്ക് ഏക ആശ്വാസമായ കുഞ്ഞിനെയും നഷ്ടപ്പെട്ടത്. കുഞ്ഞിന് എന്ത് തരത്തിലുള്ള പനി ആയിരുന്നുവെന്ന് സ്ഥിരീകരിക്കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. എച്ച്‌വണ്‍എന്‍വണ്‍ പനിയാണ് എന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിന്റെ തൊണ്ടയില്‍ നിന്നുള്ള ശ്രവം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാല്‍ മാത്രമേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയൂ.
പനിയും തലവേദനയുമാണ് കഴിഞ്ഞ ഞായറാഴ്ച രോഗം പ്രത്യക്ഷപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ അസുഖം കൂടിയതോടെ കുഞ്ഞിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില അതീവ ഗുരുതരമായതോടെ തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.
Post Your Comments