Latest NewsUAE

അബുദാബിയിലെ ലിവ ഈന്തപ്പഴ മേള ഇന്ന് സമാപിക്കും

അബുദാബി: അബുദാബിയിലെ ലിവ ഈന്തപ്പഴ മേള ഇന്ന് സമാപിക്കും. യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് സന്ദർശകരാണ് പത്തുദിവസം നീണ്ടുനിന്ന മേള സന്ദർശിച്ചത്. സാംസ്കാരിക വിനോദ സഞ്ചാര മേഖലയിൽ അബുദാബി നൽകുന്ന വലിയ സംഭാവനയാണ് ഈ മേള.

പല നിറത്തിലും വലിപ്പത്തിലുമുള്ള രുചിയൂറും ഒട്ടേറെ ഈന്തപ്പഴ വകഭേദങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. ഈന്തപ്പഴത്തിന്റെ വലിപ്പം, നിറം, രുചി, ജനുസ്സ് എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് പ്രദർശനം ഒരുക്കിയിരുന്നത്. വിപണിയിലെ മുന്തിയ ഇനം മുതൽ ഏറ്റവും സാധാരണമായ ഈന്തപ്പഴം വരെ പ്രദർശനത്തിന്റെ ഭാഗമായി. യു.എ.ഇ.യുടെ സംസ്കൃതിയും ഈന്തപ്പനയും എത്രമാത്രം ചേർന്നുനിൽക്കുന്നെന്ന് സന്ദർശകർക്കുമുന്നിൽ വിശദമാക്കുന്നതായിരുന്നു മേള.

മേളയുടെ ഏറ്റവും വലിയ ആകർഷണമായ പാതി പഴുത്ത ഈന്തപ്പഴം (റതബ്) വാങ്ങാനും സന്ദർശകർ മറന്നില്ല. ഈന്തപ്പനയുടെ കൃഷിരീതികൾ, ജലസേചന മാർഗങ്ങൾ, യു.എ.ഇ.യിലെ ചൂടുള്ള കാലാവസ്ഥയിലും മികച്ച കായ്ഫലം തരുന്ന വിളകൾ എന്നിവയുടെ പ്രദർശനവും നടന്നു. കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് കൃഷിരീതികളിൽ വരുത്തേണ്ട മാറ്റങ്ങളെല്ലാം മേളയിലെത്തിയ സന്ദർശകരോട് പ്രവർത്തകർ വിശദീകരിച്ചു.

യു.എ.ഇ. ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ അഫയർ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ പൈതൃകാഘോഷ കമ്മിറ്റിയാണ് മേള സംഘടിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button