
പെരുമ്പാവൂര്‍: സംസ്‌ഥാനത്തെ അവസാന നാടുവാഴി നാഗഞ്ചേരി മന വാസുദേവന്‍ നമ്പൂതിരി (107)അന്തരിച്ചു. ഒരുകാലത്ത് 37,000 ഏക്കര്‍ ഭൂമിയുടെയും അളവറ്റ സമ്പത്തിന്റെയും അധിപനായിരുന്ന അദ്ദേഹം മൂന്നു സെന്റിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ കിടന്നാണു മരിച്ചത്. തണുപ്പേല്‍ക്കരുതെന്ന ഡോക്‌ടര്‍മാരുടെ ഉപദേശം പോലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം പാലിക്കാനായിരുന്നില്ല.വാര്‍ധക്യസഹജമായ അസുഖങ്ങള്‍ ബാധിച്ച് കിടപ്പിലായിരുന്ന അദ്ദേഹം ഇന്നലെ രാവിലെയാണു മരിച്ചത്.
ഇട്ടുമൂടാനുള്ള സമ്പത്തും സ്വര്‍ണവും അധികാരങ്ങളുമെല്ലാം ഉണ്ടായിരുന്ന വാസുദേവന്‍ നമ്പൂതിരി നാഗഞ്ചേരി മനയുടെയും നാടുവാഴിത്ത വ്യവസ്‌ഥിതിയുടെയും സമ്പൂര്‍ണ തകര്‍ച്ച കണ്ടാണു കടന്നുപോയത്. പഴയ കേരള സെക്രട്ടേറിയറ്റ് അടക്കമുള്ള 37000 ഏക്കര്‍ ഭൂമിയുടെ അധിപനായിരുന്നു. ഭൂപരിഷ്‌കരണ നിയമം വന്നതോടെയാണ് എല്ലാം കൈവിട്ടുപോയത്. പ്രശസ്‌തമായ നമ്പൂതിരി ഇല്ലങ്ങളില്‍ ഒന്നായ നാഗഞ്ചേരി മനയുടെയും പതിനെട്ടു ദേശങ്ങളുടെ അധികാരവും ഒമ്പത് ക്ഷേത്രങ്ങളുടെ ഊരാണ്മയും ഉണ്ടായിരുന്ന നാടുവാഴിയായിരുന്നു വാസുദേവന്‍ നമ്പൂതിരി.
നാഗഞ്ചേരി കുഞ്ചുനമ്പൂതിരി എന്നറിയപ്പെട്ടിരുന്ന നീലകണ്‌ഠന്‍ നമ്പൂതിരിയുടെ മകനാണ്. പരേതയായ സാവിത്രി അന്തര്‍ജനമാണു ഭാര്യ, മക്കള്‍ പത്മജ, വനജ, നീലകണ്‌ഠന്‍ നമ്പൂതിരി, ഗണപതി. മരുമക്കള്‍ കാസര്‍ഗോഡ് നീല മനയില്‍ ശംഭു നമ്പൂതിരി, കാസര്‍ഗോഡ് വാരിക്കാട്ട് നാരായണന്‍ നമ്പൂതിരി.
Post Your Comments