ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ലയെന്നാക്കണം എന്ന ആവശ്യവുമായി തൃണമൂല്‍ എംപിമാര്‍ പ്രധാനമന്ത്രിയെ കണ്ടു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് ലോക്‌സഭ കക്ഷി നേതാവ് സൂദീപ് ബന്ദോപാധ്യായയുടെ നേതൃത്വത്തില്‍ 12 തൃണമൂല്‍ എംപിമാര്‍ മോദിയെ കാണാനെത്തിയത്. നേരത്തെ, ബംഗാളിന്റെ പേര് മാറ്റി ബംഗ്ല എന്നാക്കി മാറ്റണമെന്ന മമതാ ബാനര്‍ജിയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു.
ബംഗ്ലാദേശുമായി ബന്ധപ്പെട്ട നയതന്ത്ര കാര്യങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം മമതയുടെ ആവശ്യം തള്ളിയത്. പശ്ചിമ ബംഗാളിന്റെ പേര് മാറ്റി ബംഗ്ല എന്നാക്കുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്ന ആവശ്യമാണ് എംപിമാര്‍ മുന്നോട്ടുവെച്ചത്. ഇതു സംബന്ധിച്ച ബില്‍ പശ്ചിമ ബംഗാള്‍ നിയമസഭ പാസാക്കിയിട്ടുണ്ടെന്നും എംപിമാര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂലൈ 26ന് സംസ്ഥാനത്തിന്റെ പേര് ബംഗ്ല എന്നാക്കി മാറ്റണമെന്നുള്ള പ്രമേയം ബംഗാള്‍ നിയമസഭ പാസാക്കുകയും തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനു അയക്കുകയും ചെയ്തിരുന്നു.
Post Your Comments