ഫുജൈറ: പ്രായപൂര്‍ത്തിയാകാത്ത മകന്റെ മൊബൈല്‍ ഫോണ്‍ തല്ലിപ്പൊട്ടിച്ചതിന് അച്ഛനെതിരെ കേസ്. ഫുജൈറ കോടതിയില്‍ കഴിഞ്ഞ ദിവസമാണ് വിചാരണ തുടങ്ങിയതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മകന്റെ ഫേസ്ബുക്ക് ഉപയോഗം അമിതമായതിലുള്ള ദേഷ്യത്തിലാണ് പിതാവ് ഫോണ്‍ തല്ലിപ്പൊട്ടിച്ചത്.
കേസില്‍പ്രതിയായ വ്യക്തി ദാമ്പത്യ പ്രശ്‌നങ്ങള്‍ കാരണം ഭാര്യയുമായി നേരത്തെ തന്നെ വിവാഹമോചനം നേടിയിരുന്നു. കേസ് നടപടികള്‍ക്കൊടുവില്‍ കുട്ടികളുടെ സംരക്ഷണാവകാശം കോടതി ഭാര്യയ്ക്കാണ് അനുവദിച്ചുകൊടുത്തത്. എന്നാല്‍ നിശ്ചിത ദിവസങ്ങളില്‍ കുട്ടികളെ സന്ദര്‍ശിക്കാനുള്ള അനുമതി ശരീഅഃ കോടതി പിതാവിന് നല്‍കിയിരുന്നു. കുട്ടികളെ സന്ദര്‍ശിക്കുന്നതിനിടയില്‍ അച്ഛന്‍, പ്രായപൂര്‍ത്തിയാകാത്ത മകന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചു. ഒരു പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള മകന്റെ സുഹൃത്തുക്കളെ ഫേസ്ബുക്കില്‍ കണ്ടതോടെയാണ് ഇയാള്‍ക്ക് നിയന്ത്രണം വിട്ടത്. രോഷാകുലനായ ഇയാള്‍ മകനെ ശകാരിക്കുകയും ഫോണ്‍ തല്ലിപ്പൊട്ടിക്കുകയും ചെയ്തു.
എന്നാല്‍ ഈ സംഭവമറിഞ്ഞ കുട്ടിയുടെ മാതാവ്, അച്ഛനെതിരെ ഫുജൈറ പൊലീസില്‍ പരാതി നല്‍കി. മകനെ ശകാരിച്ചതിനും ഫോണ്‍ പൊട്ടിച്ചതിനുമെതിരെയായിരുന്നു കേസ്. നടപടികള്‍ പൂര്‍ത്തിയാക്കി ഫുജൈറ പ്രോസിക്യൂഷന്‍, കേസ് കോടതിക്ക് കൈമാറുകയായിരുന്നു. എന്നാല്‍ കുട്ടിക്ക് ഫോണ്‍ വാങ്ങി നല്‍കിയത് അച്ഛനാണെന്നും അത് തെറ്റായി ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ ഗുണദോഷിക്കുകയാണ് ചെയ്തതെന്നും അഭിഭാഷകന്‍ വാദിച്ചു. കേസ് വിധി പറയുന്നതിനായി കോടതി മാറ്റിവെച്ചു.
Post Your Comments