KeralaLatest News

സ്‌കൂളില്‍ പോകും വഴി വിദ്യാര്‍ഥിയെ തട്ടികൊണ്ടുപോയി; സ്വര്‍ണക്കടത്ത് സംഘത്തിന് പങ്കെന്ന് സംശയം

കാസര്‍കോട് : മഞ്ചേശ്വരത്ത് കാറിലെത്തിയ നാലംഗസംഘം പ്ലസ് ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കളിയൂരിലെ അബൂബക്കറിന്റെ മകന്‍ അബ്ദുറഹ്മാന്‍ ഹാരിസിനെ സ്‌കൂളിലേക്ക് പോകുവഴിയാണ് കടത്തിക്കൊണ്ടുപോയത്. സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങളാണെന്ന് സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു. മൂന്നുദിവസമായിട്ടും കുട്ടിയെകണ്ടെത്താനായില്ല.

ഗള്‍ഫില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു കോടിയിലറെ രൂപയുടെ തര്‍ക്കം കുട്ടിയുടെ ബന്ധുക്കളുമായി ചിലര്‍ക്ക് നിലനില്‍ക്കുന്നുണ്ടെന്നും, ഇതേത്തുടര്‍ന്നാണ് ഹാരിസിനെ തട്ടിക്കൊണ്ടു പോയതെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന.സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന സൂചന ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു.

മകനെ തട്ടിക്കൊണ്ടുപോയ വാര്‍ത്തയറിഞ്ഞതുമുതല്‍ കണ്ണിരോടെ കാത്തിരിക്കുകയാണ് ഈ അമ്മ. ഒന്‍പതാം ക്ലാസുകാരിയായ സഹോദരിയ്‌ക്കൊപ്പം സ്‌കൂളിലേക്കുപോയതാണ് ഹാരിസ്. വീട്ടില്‍ ഒരുകിലോമീറ്റര്‍ അകലെ വച്ച് കാറിലെത്തിയ സംഘം ബലമായി ഹാരിസിനെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി.

സഹോദരനെ തട്ടിക്കൊണ്ടുപോയ വിവരം സഹോദരി വീട്ടുകാരെ അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവം നടന്ന് ദിവസം മൂന്നാകുമ്പോഴും കുട്ടിയെവിടെയെന്നതില്‍ പൊലീസിനുതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button