വാഷിംഗ്ടണ്‍: പാക്കിസ്ഥാന്റെ മണ്ണില്‍ 40ലധികം തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ക്യാപിറ്റോള്‍ ഹില്ലില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 9/11 ആക്രമണത്തില്‍ പാക്കിസ്ഥാന് പങ്കില്ലെന്നും അഫ്ഗാനിസ്ഥാന്‍ കേന്ദ്രീകരിച്ചാണ് അല്‍ ഖ്വയ്ദ പ്രവര്‍ത്തിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
അതേസമയം, ഇന്ത്യ തയ്യാറാണെങ്കില്‍ പാക്കിസ്ഥാനും ആണവ ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്. ആണവ യുദ്ധം ഇരുരാജ്യങ്ങള്‍ക്കും നല്ലതല്ല. അതിലുരി ആണവയുദ്ധം സ്വയം നശിപ്പിക്കുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനോട് ഇടപെടാന്‍ ആവശ്യപ്പെട്ടതായി ഇമ്രാന്‍ ഖാന്‍ ആവര്‍ത്തിച്ചു.
ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണ് യുഎസ്. ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലുള്ള കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ യുഎസിന് മാത്രമേ സാധിക്കൂ. കശ്മീരില്‍ സാധാരണ അയല്‍ക്കാരായി തുടരാന്‍ കഴിഞ്ഞ 70 വര്‍ഷമായി സാധിക്കുന്നില്ല. മധ്യസ്ഥത നീക്കത്തിന് ഇന്ത്യ തയ്യാറാകണമെന്നാണ് എന്റെ ആഗ്രഹമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
യുഎസിന്റെ തീവ്രവാദ വിരുദ്ധ പോരാട്ടത്തില്‍ പാക്കിസ്ഥാനും പങ്കുചേരുമെന്നും യുഎസില്‍നിന്ന് സത്യങ്ങള്‍ മറച്ചുവെച്ചതില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഖേദിക്കുന്നുവെന്നും ഇമ്രാന്‍ഖാന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments