മലപ്പുറം: മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പളക്കുടിശ്ശിക അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം 23 ദിവസം പിന്നിട്ടു. ഏഴ് മാസമായി ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഏറെ ദുരിതത്തിലായതോടെയാണ് ഇവര്‍ സമരം ആരംഭിച്ചത്.
സംസ്ഥാനത്താകെയുള്ള എണ്ണായിരത്തോളം ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാര്‍ക്കാണ് ഏഴുമാസമായി ശമ്പളം മുടങ്ങിക്കിടക്കുന്നത്. ദിവസവേതന അടിസ്ഥാനത്തിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. വെയിലും മഴയെന്നും വ്യത്യാസമില്ലാതെ ജോലിചെയ്യുന്ന ഒരു തൊഴിലാളിക്ക് 422 രൂപയാണ് ദിവസവേതനമായി ലഭിക്കുക. പ്രതിമാസം പരമാവധി പതിനായിരം രൂപയാണ് ഇങ്ങനെ ലഭിക്കുന്നത്.
തൊഴിലാളി സംഘടനകളുമായി നേരത്തെയുണ്ടാക്കിയ ഒത്തുതീര്‍പ്പ് ധാരണയനുസരിച്ച് 422 രൂപയില്‍ നിന്ന് 635 രൂപയായി കൂലി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അതു പാലിക്കപെട്ടിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ബിഎസ്എന്‍എല്‍ ഓഫീസുകള്‍ക്കുമുന്നില്‍ നടത്തിവരുന്ന സത്യഗ്രഹ സമരത്തില്‍ പരിഹാരം കാണാനാകാതെ വന്നാല്‍ അറ്റകുറ്റപണികള്‍ നിര്‍ത്തിവച്ചുകൊണ്ടുള്ള സമരത്തിലേക്ക് പോകാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. എന്നാല്‍ ബിഎസ്എന്‍എല്‍ കൃത്യമായി ഫണ്ട് നല്‍കാത്തതുകൊണ്ടാണ് ശമ്പളം കുടിശ്ശികയായതെന്നാണ് തൊഴിലാളികളെ ജോലിക്ക് ചുമതലപ്പെടുത്തിയിട്ടുള്ള കമ്പനി നല്കുന്ന വിശദീകരണം.
Post Your Comments