പാനായിക്കുളം സിമിക്യാമ്പ് കേസില്‍ പ്രതികളെ വെറുതെ വിട്ട കേരള ഹൈക്കോടതി ഉത്തരവിനെതിരെ പ്രതികള്‍ക്ക് സുപ്രിംകോടതി നോട്ടിസയച്ചു. പി എ ഷാദുലി, അബ്ദുല്‍ റാസിക്, അന്‍സാര്‍ നദ്വി, നിസാമുദ്ദീന്‍, ഷമ്മാസ് എന്നീ പ്രതികളെ ആണ് ഹൈകോടതി വെറുതെ വിട്ടത്. ഈ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യുന്നതിന് മുന്നോടിയായാണ് നോട്ടീസ് അയച്ചത്. ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്, ജഡ്ജിമാരായ ദീപക് ഗുപ്ത, അനിരുദ്ധ് ബോസ് എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ചിന്റെതാണ് നടപടി. പാനായിക്കുളത്തെ സിമി ക്യാമ്പ് കേസില്‍ എന്‍.ഐ.എ കോടതി ശിക്ഷിച്ച അഞ്ചു പ്രതികളെയും വെറുതെ വിട്ട ഹൈക്കോടതി നടപടി ചോദ്യംചെയ്ത് എന്‍.ഐ.എ സമര്‍പ്പിച്ച ഹരജിയാണ് സുപ്രിംകോടതി മുന്‍പാകെയുള്ളത്.
അതേസമയം, കേസില്‍ എന്‍.ഐ.എ നല്‍കിയ പ്രത്യേക ഹരജിയില്‍ വാദംകേള്‍ക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചു. ഹൈകോടതി വിധിക്ക് എതിരെ നല്‍കിയ അപ്പീലില്‍ എന്‍ ഐ എ യ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പരസ്യമായി പരിപാടി സംഘടിപ്പിച്ച ഈരാറ്റുപേട്ട നടക്കല്‍ പീടികക്കല്‍ വീട്ടില്‍ ഹാരിസ് എന്ന പി.എ. ഷാദുലി, ഈരാറ്റുപേട്ട നടക്കല്‍ പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുല്‍ റാസിക്, ആലുവ കുഞ്ഞുണ്ണിക്കര പെരുത്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ്‌വി, പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍ എന്ന നിസുമോന്‍, ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്ന ഷമ്മാസ് എന്നിവരെയാണ് സിമി ക്യാമ്പ് നടത്തിയെന്ന കുറ്റം ചുമത്തി എന്‍.ഐ.എ കോടതി ശിക്ഷിച്ചത്.
റാസിഖിനും ശാദുലിക്കും 14 വര്‍ഷം തടവ് ശിക്ഷയായിരുന്നു എന്‍.ഐ.എ കോടതി വിധിച്ചത്. മറ്റുള്ളവര്‍ക്ക് 12 വര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. കേസിലെ രണ്ടും മൂന്നും പ്രതികളായ അബ്ദുല്‍ റാസിഖ്, അന്‍സാര്‍ നദ് വി എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റവും ഒന്നും നാലും അഞ്ചും പ്രതികളായ പി.എ. ഷാദുലി, നിസാമുദ്ദീന്‍, ഷംനാസ് എന്നിവര്‍ക്കെതിരെ യു.എ.പി.എ, ഗൂഢാലോചന കുറ്റങ്ങളും ചുമത്തിയിരുന്നു. മാപ്പുസാക്ഷിയാക്കിയ ഒറ്റപ്പാലം സ്വദേശി റഷീദ് മൗലവിയെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
Post Your Comments