Latest NewsKerala

എങ്ങുമെത്താതെ തര്‍ക്കം; പമ്പയ്ക്ക് ലക്ഷങ്ങളുടെ മണല്‍ നഷ്ടമായി

വനം – ദേവസ്വം വകുപ്പുകളുടെ തര്‍ക്കം കാരണം പമ്പയില്‍ മഴയെ തുടര്‍ന്ന് ഒലിച്ചു പോയത് ലക്ഷങ്ങളുടെ മണല്‍ ശേഖരം. തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി നേതൃത്വം നല്‍കിയിട്ടും അനുവദിച്ച മണല്‍ ഏറ്റെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് സാധിച്ചിരുന്നില്ല. ശബരിമല വികസനത്തിനായി മാറ്റിയിട്ട മണല്‍ ശേഖരമാണ് ഒലിച്ചു പോയത്.

കഴിഞ്ഞ പ്രളയത്തില്‍ 90000 ക്യുബിക് മീറ്റര്‍ മണലാണ് പമ്പയില്‍ അടിഞ്ഞ് കൂടിയത്. അടിഞ്ഞുകൂടിയ മണല്‍ വില്‍ക്കാന്‍ വനംവകുപ്പു നടത്തിയ ആദ്യ ഇ-ലേലം പരാജയപ്പെട്ടിരുന്നു. വനം, ദേവസ്വം വകുപ്പുകള്‍ തമ്മിലുളള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു പമ്പയില്‍ അടിഞ്ഞ് കൂടിയ മണല്‍ നീക്കുന്നത് വൈകിയത്. പമ്പാ പുനരുദ്ധാരണ പ്രവര്‍ത്തനം ഏറ്റെടുത്ത ടാറ്റാ ഗ്രൂപ്പ് ത്രിവേണിയിലും പരിസരങ്ങളിലും അടിഞ്ഞുകൂടിയ മണല്‍ പമ്പ ചക്കുപാലത്തെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് താത്കാലികമായി കൂട്ടിയിടുകയായിരുന്നു.

പമ്പ – ത്രിവേണിയിലെ 20,000 ക്യുബിക് മീറ്റര്‍ മണല്‍ ശബരിമലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡിന് സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ബാക്കി മണല്‍ വനം വകുപ്പിന് ലേലം ചെയ്യാമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ദേവസ്വം ബോര്‍ഡിന് അനുവദിച്ച മണല്‍ സൗജന്യമായി വിട്ടു നല്‍നാകില്ലെന്നും മണലിന്റെ വിലയായി ജി.എസ്.ടി ഉള്‍പ്പെടെ ഒന്‍പതു കോടി നല്‍കണമെന്നായിരുന്നു വനം വകുപ്പ് നിലപാട്.

ഉത്തരവില്‍ അവ്യക്തതയുണ്ടെന്നും വനം വകുപ്പ് വാദിച്ചു. ഇതേ തുടര്‍ന്ന് മണല്‍ നീക്കം സ്തംഭിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ ചക്കുപാലത്തിനും പമ്പയ്ക്കും സമീപങ്ങളിലായി കൂട്ടിയിട്ടിരുന്ന മണലിന്റെ നല്ലൊരു ഭാഗവും ഒലിച്ചു പോയി. മഴയില്‍ ത്രിവേണിയിലെ ജലനിരപ്പ് കൂടുന്ന സാഹചര്യത്തില്‍ ശേഷിക്കുന്ന മണലും ഒലിച്ചു പോകാനാണ് സാധ്യത. പ്രളയ സമയത്ത് കക്കി ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെയാണ് താഴ്‌വാരത്തുള്ള പമ്പ ത്രിവേണിയില്‍ മണല്‍ അടിഞ്ഞുകൂടിയത്. ശബരിമല സീസണില്‍ തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യം ഒരുക്കാനായി മണല്‍ താത്കാലികമായി മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button