പറവൂര്‍: നിപയെ അതിജീവിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും പറവൂര്‍ വടക്കേക്കര സ്വദേശിയുമായ ഗോകുല്‍ കൃഷ്ണയെ സന്ദർശിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഗോകുലിനെ കണ്ടപ്പോള്‍ വളരെയധികം സന്തോഷം തോന്നിയെന്നും വളരെയേറെ ആശങ്കകള്‍ നിറഞ്ഞ നാളുകള്‍ക്ക് ഇതോടെ വിരാമമാകുകയാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ വര്‍ഷത്തെ നിപ വൈറസ് ബാധയുടെ നടുക്കം മാറും മുമ്പ് എറണാകുളം ജില്ലയില്‍ നിപ റിപ്പോര്‍ട്ട് ചെയ്തത് വളരെ ആശങ്കയുണ്ടാക്കി. മുമ്പത്തെ അനുഭവമുണ്ടായിരുന്നതിനാല്‍ വളരെവേഗം ഉണര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ആരോഗ്യ വകുപ്പിനായെന്നും മന്ത്രി വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
നിപയെ അതിജീവിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും പറവൂര്‍ വടക്കേക്കര സ്വദേശിയുമായ ഗോകുല്‍ കൃഷ്ണയെ കണ്ടപ്പോള്‍ വളരെയധികം സന്തോഷം തോന്നി. വളരെയേറെ ആശങ്കകള്‍ നിറഞ്ഞ നാളുകള്‍ക്ക് ഇതോടെ വിരാമമാകുകയാണ്. കഴിഞ്ഞ വര്‍ഷത്തെ നിപ വൈറസ് ബാധയുടെ നടുക്കം മാറും മുമ്പ് എറണാകുളം ജില്ലയില്‍ നിപ റിപ്പോര്‍ട്ട് ചെയ്തത് വളരെ ആശങ്കയുണ്ടാക്കി. മുമ്പത്തെ അനുഭവമുണ്ടായിരുന്നതിനാല്‍ വളരെവേഗം ഉണര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ആരോഗ്യ വകുപ്പിനായി. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അത്യാസന്നനിലയില്‍ ആവുകയും മരണം വരിക്കുകയും ചെയ്യുക എന്ന അസാധാരണമായ അനുഭവമാണ് നിപയിലെങ്കിലും അതിനെ സധൈര്യം നേരിടാനാന്‍ ആരോഗ്യ വകുപ്പിനായി.
നിപ സംബന്ധിച്ച് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും പ്രാഥമിക സ്ഥിരീകരണം വന്നതോടെ അന്തിമഫലത്തിന് കാത്തുനില്‍ക്കാതെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം വിവിധ യോഗങ്ങള്‍ വിളിച്ചുകൂട്ടി ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം നടത്തി. കൂടാതെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ ജനപ്രതിനിധികളുടെ യോഗവും കൂടി. കോഴിക്കോട് കഴിഞ്ഞ വര്‍ഷം നിപ ബാധയെത്തുടര്‍ന്നുണ്ടായ അനുഭവങ്ങളില്‍ നിന്ന് നിരവധി മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാധിച്ചു.
രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരുടെ വിപുലമായ ലിസ്റ്റ് തയ്യാറാക്കുകയും മതിയായ ചികിത്സ സൗകര്യങ്ങള്‍ ഒരുക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, എറണാകുളം ജില്ലാ കളക്ടര്‍, ജില്ലാ ഭരണകൂടം എന്നിവര്‍ വലിയ ഇടപെടലുകളാണ് നടത്തിയത്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മുമ്പത്തെ അനുഭവപാഠവുമായി വ്യക്തമായ പ്ലാനൊരുക്കി പ്രവര്‍ത്തിക്കാന്‍ ആരോഗ്യ വകുപ്പിന് സാധിച്ചു. അതിലൂടെ ആരേയും മരണത്തിന് വിട്ടു കൊടുക്കാതെ നിപയെ തുടക്കത്തില്‍ തന്നെ ചെറുക്കാനായി. ഇതാകട്ടെ കേരളത്തിന്റെ വലിയ വിജയവും.
Post Your Comments