ദോഹ : അസഹനീയമായ ചൂടില്‍നിന്ന് രക്ഷതേടി എല്ലാവരും ബീച്ചുകളിലേക്ക് പോവുകയാണ്. പ്രത്യേകിച്ചും വാരാന്ത്യങ്ങളില്‍. ബീച്ചുകളിലെല്ലാം സന്ദര്‍ശകര്‍ക്ക് പ്രാര്‍ഥനാ സൗകര്യങ്ങളും സുരക്ഷയും നഗരസഭ പരിസ്ഥിതി മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി വെവ്വേറെ ബീച്ചുകളുമുണ്ട്. അല്‍ വക്ര ബീച്ച് കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ദോഹ നഗരത്തില്‍ നിന്ന് 30 മിനിട്ട് ദൂരമേയുള്ള അല്‍ വക്രയിലേക്ക്. അതുകൊണ്ട് തന്നെ കൂടുതല്‍ തിരക്കും ഇവിടെയാണ്.
എന്തെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ആംബുലന്‍സ് സേവനം ഉള്‍പ്പെടെയുള്ള മികച്ച സുരക്ഷയും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബീച്ചുകളില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് വ്യായാമത്തിനുള്ള ഉപകരണങ്ങളും ഒട്ടുമിക്ക ബീച്ചുകളിലുമുണ്ട്. കുട്ടികള്‍ക്കായി പ്രത്യേക കളിസ്ഥലങ്ങളുമുണ്ട്. കടലില്‍ ഇറങ്ങുന്നവര്‍ സുരക്ഷാ ജാക്കറ്റ് ധരിച്ച് മാത്രമേ ഇറങ്ങാവൂ. കുട്ടികളെ നന്നായി ശ്രദ്ധിക്കുകയും വേണം. ജല സ്‌കൂട്ടര്‍ സവാരി നടത്തുന്നവരും അധികൃതരുടെ നിര്‍ദേശ പ്രകാരം സുരക്ഷ ഉറപ്പാക്കി വേണം കടലില്‍ ഇറങ്ങാന്‍. ഒറ്റയ്ക്കുള്ള നീന്തല്‍ ഒഴിവാക്കി സുഹൃത്തുക്കള്‍ക്കൊപ്പം വേണം നീന്താനെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നുണ്ട്. മാലിന്യങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും വലിച്ചെറിയാതെ മാലിന്യ പെട്ടിയില്‍ നിക്ഷേപിച്ച് പൊതു ശുചിത്വം ഉറപ്പാക്കുകയും വേണം.
വടക്കന്‍ മേഖലയിലെ ഉം ബാബ്, സെക്രീത്ത്, അല്‍ ദഖീറ, അല്‍ഖോര്‍ ഫാമിലി ബീച്ച്, സിമെയ്സ്മ ഫാമിലി ബീച്ച് തുടങ്ങിയ ബീച്ചുകളിലും തിരക്കായി കഴിഞ്ഞു. ദോഹയില്‍ നിന്ന് വാരാന്ത്യങ്ങളിലേക്കാണ് ഇവിടേക്ക് സന്ദര്‍ശകര്‍ കൂടുതലും എത്തുന്നത്. സീലൈന്‍ ബീച്ചിലും തിരക്കേറി വരികയാണ്. കടല്‍തീരങ്ങളില്‍ സൗഹൃദ സംഗമങ്ങളും ധാരാളം. കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ബാര്‍ബിക്യൂ ഉണ്ടാക്കി വിശേഷങ്ങള്‍ പങ്കുവെച്ച് അര്‍ധരാത്രിയോടെയാണ് ഒട്ടുമിക്കവരുടേയും മടക്കം. ചിലര്‍ പുലര്‍ച്ചെ വരെ കടല്‍ തീരത്ത് ഗെയിമുകളും മറ്റുമായി ചെലവിടും.
Post Your Comments