Latest NewsKerala

മഴ ശക്തി പ്രാപിച്ചതോടെ നിരവധി വൂടുകള്‍ക്ക് വന്‍ നാശം, ക്യാമ്പുകളിലേക്കെത്തുന്നവുടെ എണ്ണം കൂടുന്നു; കണക്കുകള്‍ ഇങ്ങനെ

സംസ്ഥാനത്ത് മഴക്കെടുതിയില്‍ 2 വീടുകള്‍ പൂര്‍ണമായും 34 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 17 ദുരിതാശ്വാസ ക്യാംപുകളിലായി 1142 പേര്‍ കഴിയുന്നുണ്ട്. ഇടുക്കി ജില്ലയില്‍ മഴയില്‍ നേരിയ കുറവുണ്ട്. ശക്തമായ മഴയിലും കാറ്റിലും വാഴത്തോപ്പ് മണിയാറന്‍കുടിയില്‍ ഒരു വീടു തകര്‍ന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണ് തയ്യില്‍ ജോഷി തോമസിനു നിസ്സാര പരുക്കേറ്റു. മൂന്നാറിലും കുളമാവിലും മണ്ണിടിച്ചിലില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

കേരള തീരത്ത് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഇന്നു രാത്രി 11.30 വരെ തീരക്കടലില്‍ 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്കു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2.50 അടി കൂടി ഉയര്‍ന്ന് 2309.52 അടിയിലെത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 113.10 അടിയായി ഉയര്‍ന്നു. കോട്ടയം ജില്ലയില്‍ 4 ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങി. 18 കുടുംബങ്ങളില്‍ നിന്നായി 82 പേരാണു ക്യാംപുകളില്‍ കഴിയുന്നത്. കുട്ടനാട്ടിലെ ജലാശയങ്ങളില്‍ 3 ദിവസത്തിനിടെ ഒന്നര അടിയോളം ജലനിരപ്പ് ഉയര്‍ന്നു. തോട്ടപ്പള്ളി സ്പില്‍വേ പൊഴി ഇന്നു മുറിച്ചേക്കും. ആലപ്പുഴ ജില്ലയില്‍ കടല്‍ക്ഷോഭത്തിനു ശമനമായിട്ടില്ല. കലവൂരില്‍ 17, ആറാട്ടുപുഴയില്‍ 37 കുടുംബങ്ങള്‍ വീതം ദുരിതാശ്വാസ ക്യാംപുകളിലുണ്ട്.

കൊല്ലത്ത് വള്ളം തകര്‍ന്നു കടലില്‍ കാണാതായ സംഘത്തിലെ 2 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ബുധന്‍ രാവിലെയാണ് സംഘം മീന്‍പിടിക്കാന്‍ പോയത്. നീണ്ടകര അഴിമുഖത്തു നിന്ന് ഒന്നര നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറു ഭാഗത്താണു വള്ളം തകര്‍ന്നത്. വൈകിട്ട് കൊല്ലം തീരത്തിനടുത്ത് ഒരാളുടെ മൃതദേഹം കണ്ടതായി അഭ്യൂഹം പരന്നെങ്കിലും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരദേശ പൊലീസും നടത്തിയ തിരച്ചിലില്‍ കണ്ടെത്താനായില്ല. ഇന്നും തിരച്ചില്‍ തുടരും.

കണ്ണൂര്‍ ജില്ലയില്‍ കുളത്തില്‍ വീണു 2 പേര്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലായ വെങ്ങര കൊട്ടക്കര വിനോദ് കുമാറിനെ (46) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യന്നൂര്‍ കുഞ്ഞിമംഗലത്ത് കുളത്തില്‍ വീണ കിഴക്കാനി സി.കെ. രതുല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ജില്ലയിലെ 2 ദുരിതാശ്വാസ ക്യാംപുകളിലായി 89 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ മാവോയിസ്റ്റ് തിരച്ചിലിനു പോയ തണ്ടര്‍ ബോള്‍ട്ട് സേനാംഗങ്ങള്‍ കാട്ടില്‍ കുടുങ്ങി. കനത്ത മഴയും മണ്ണിടിച്ചിലും ഉള്ള സ്ഥലത്താണു കുടുങ്ങിയത്. പൊലീസും അഗ്‌നിശമന സേനയും തിരച്ചില്‍ ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button