തിരുവനന്തപുരം: കാലവര്‍ഷം കനത്തതോടെ മിക്ക ജില്ലകളും ദുരന്ത ഭീഷണിയിലായി. തീരമേഖലയില്‍ കടലാക്രമണവും രൂക്ഷം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി മത്സ്യബന്ധനത്തിന് പോയ ഏഴ് പേരെ കാണാതായി.കൊല്ലത്ത് ശക്തമായ കാറ്രില്‍ തെങ്ങ് വീണ് ഗൃഹനാഥനും കണ്ണൂര്‍ തലശേരിയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും മരണമടഞ്ഞു.കോട്ടയത്ത് മീനച്ചിലാറും മണിമലയാറും കരകവിഞ്ഞു. ഇടുക്കി ജില്ലയില്‍ പാംബ്ളി, കല്ലാര്‍കുട്ടി ഡാമുകളിലെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് മുന്നറിയിപ്പുണ്ട്. മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.
കോഴിക്കോട്ട് 191 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മൂന്ന് ദിവസം കനത്ത മഴ തുടരുമെന്നാണ് കാലവസ്ഥാ മുന്നറിയിപ്പ്.മഴ മൂന്നുദിവസംകൂടി ശക്തിയായി തുടരുമെന്നും ശക്തമായ കാറ്റിനു സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരള-കര്‍ണാടക തീരത്ത് ന്യൂനമര്‍ദം സജീവമായതാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. വടക്കു-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷാ തീരത്തു ന്യൂനമര്‍ദം രൂപപ്പെടുന്നതോടെ മഴയുടെ തീവ്രത വീണ്ടും കൂടുമെന്നും മുന്നറിയിപ്പ്. തിരുവനന്തപുരത്ത് വിഴിഞ്ഞം ഭാഗത്ത് നിന്ന് ബുധനാഴ്ച വൈകിട്ട് 3.30 നു മത്സ്യബന്ധനത്തിന് പോയ സംഘത്തിലെ നാലുപേരെ കാണാതായി.
പല്ലുവിള കൊച്ചുപള്ളി പള്ളികെട്ടിയ പുരയിടത്തില്‍ യേശുദാസന് (55), കൊച്ചുപള്ളി പുതിയതുറ പുരയിടത്തില്‍ ആന്റണി (50), പുതിയതുറ കിണറുവിള പുരയിടത്തില്‍ ലൂയിസ് (53), പുതിയതുറ നെടിയവിളാകം പുരയിടത്തില്‍ ബെന്നി (33) എന്നിവരെയാണ് കാണാതായത്. ഇവര്‍ക്ക് വേണ്ടി വിഴിഞ്ഞത്തെ മറൈന്‍ എന്‍ഫോഴ്സ് മെന്റും തീരസംരക്ഷണ സേനയുടെ വലിയ കപ്പലും തെരച്ചില്‍ നടത്തുകയാണ്. കൊല്ലം നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ തമിഴ്നാട്ടുകാരുടെ വള്ളം ശക്തമായ കാറ്റില്‍ തകര്‍ന്നാണ് മൂന്നുപേരെ കാണാതായത്.. രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. കൊല്ലങ്കോട് നീരോടി സ്വദേശികളായ രാജു, ജോണ്‍ ബോസ്കോ, സഹായരാജു എന്നിവരെയാണ് കാണാതായത്.
വള്ളത്തിലുണ്ടായിരുന്ന നിക്കോളാസ്, സ്റ്റാലിന് എന്നിവര്‍ നീന്തി കാക്കത്തോപ്പ് ഭാഗത്ത് തീരമണഞ്ഞു.കൊല്ലത്ത് ശക്തമായ കാറ്റില്‍ അയല്‍പുരയിടത്തിലെ തെങ്ങുവീണാണ് വീട്ടുമുറ്റത്ത് നിന്ന ഗൃഹനാഥന് പനയം വില്ലേജ് ഓഫീസിന് സമീപം ചോനംചിറ കുന്നില്‍ തൊടിയില്‍ വീട്ടില്‍ ദിലീപ് കുമാര്‍ (54) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കടപുഴകിയ തെങ്ങ് മുറ്റത്തെ കിണറ്റില്‍ തട്ടിയ ശേഷമാണ് ദിലീപിന്റെ ദേഹത്ത് പതിച്ചത്. ദൂരേക്ക് തെറിച്ച് വീണ് സാരമായി പരിക്കേറ്റ ദിലീപിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കണ്ണൂര്‍ തലശേരിയില്‍ പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ളസ് വണ്‍ വിദ്യാര്‍ത്ഥി മോറക്കുന്നിലെ മനത്താനത്ത് അദ്നാന് ( 16) ആണ് മുങ്ങിമരിച്ചത്.
പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു.മലപ്പുറം ഗവ. ആശുപത്രിയുടെ ചുറ്റുമതില്‍ കാറ്റിലും മഴയിലും നിലംപൊത്തി.കോഴിക്കോട്ട് ചക്കിട്ടപാറയില്‍ ഉരുള്‍പൊട്ടലുണ്ടായി.ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഇടുക്കിയില്‍ വാഗമണ്‍ - ഇരാറ്റുപേട്ട റോഡില്‍ മണ്ണിടിച്ചില്‍ മൂലം ഗതാഗതം സ്തംഭിച്ചു.ജൂലായ് 21 വരെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലായി റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നല്‍കിയിട്ടുള്ളത്.മഴയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
Post Your Comments