ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പുകളിലെ പ്രകടനം തുടര്‍ച്ചയായി ദയനീയമായതോടെ സി.പി.ഐക്ക് ദേശീയ പാര്‍ട്ടി പദവി നഷ്‌ടമാകും. സി.പി.ഐ, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി എന്നീ പാര്‍ട്ടികളുടെ ദേശീയ പദവി എടുത്തുകളയാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി തുടങ്ങി. പദവി പിന്‍വലിക്കാതിരിക്കാന്‍ ഓഗസ്‌റ്റ് അഞ്ചിനുള്ളില്‍ കാരണം ബോധിപ്പിക്കാനാവശ്യപ്പെട്ട് കമ്മിഷന്‍ നോട്ടീസയച്ചു. നാലു സംസ്‌ഥാനങ്ങളില്‍ ആറു ശതമാനം വോട്ട്, നാലു സംസ്‌ഥാനങ്ങളില്‍ സംസ്‌ഥാന പാര്‍ട്ടി പദവി, മൂന്ന് സംസ്‌ഥാനങ്ങളില്‍നിന്നായി ലോക്‌സഭയില്‍ രണ്ടു ശതമാനം സീറ്റ്- ഈ മൂന്നു യോഗ്യതകളില്‍ ഒന്നെങ്കിലുമുണ്ടെങ്കില്‍ ദേശീയ പാര്‍ട്ടിയായി തുടരാനാകും.
നിലവില്‍ മൂന്നു പാര്‍ട്ടികള്‍ക്കും ഇത് അവകാശപ്പെടാനില്ല. പദവി നഷ്‌ടപ്പെട്ടാല്‍ ഒരേ ചിഹ്‌നത്തില്‍ രാജ്യത്ത് എല്ലായിടത്തും മത്സരിക്കാന്‍ പാര്‍ട്ടികള്‍ക്ക് സാധിക്കില്ല. കേരളം, തമിഴ്‌നാട്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ സംസ്‌ഥാന പാര്‍ട്ടി പദവിയുള്ള സി.പി.ഐയ്‌ക്ക് ബംഗാളിലും ത്രിപുരയിലും തിരിച്ചടി നേരിട്ടതാണ് വിനയായത്. കോണ്‍ഗ്രസുമായും ഡി.എം.കെയുമായും സഖ്യമുണ്ടാക്കിയാണ് തമിഴ്‌നാട്ടില്‍ പാര്‍ട്ടി പിടിച്ചുനിന്നത്. കഴിഞ്ഞ രണ്ടു ലോകസഭാ തെരഞ്ഞെടുപ്പുകളിലെ പ്രകടനം വിലയിരുത്തിയാണ് കമ്മിഷന്‍ നടപടിക്കൊരുങ്ങുന്നത്. ഓഗസ്‌റ്റ് അവസാനത്തോടെ തീരുമാനമെടുക്കുമെന്നാണ് സൂചന.
ബംഗാള്‍, ത്രിപുര, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ തൃണമൂല്‍ സംസ്‌ഥാന പാര്‍ട്ടി പദവി നിലനിര്‍ത്തിയെങ്കിലും അരുണാചലില്‍ നഷ്‌ടപ്പെട്ടു. മേഘാലയ, ഗോവ സംസ്‌ഥാനങ്ങളിലെ തോല്‍വിയാണ് എന്‍.സി.പിക്ക് തിരിച്ചടിയായത്. 2014 ല്‍ ബി.എസ്‌പിക്കും സി.പി.ഐക്കും എന്‍.സി.പിക്കും പദവി നഷ്‌ടമാകേണ്ടതായിരുന്നു. എന്നാല്‍, ഒന്നിനു പകരം രണ്ടു തെരഞ്ഞെടുപ്പുകളിലെ പ്രകടനം വിലയിരുത്താമെന്ന കമ്മിഷന്റെ നിലപാടാണ് തുണച്ചത്. ഈ തീരുമാനം ഇത്തവണ സി.പി.എമ്മിനും രക്ഷയായി. ബി.ജെ.പി, കോണ്‍ഗ്രസ്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, സി.പി.എം, ബി.എസ്‌പി എന്നിവയാണ് മറ്റു ദേശീയ പാര്‍ട്ടികള്‍.
Post Your Comments