കെയ്‌റോ: ആഫ്രിക്കയിലെ ഫുട്‌ബോള്‍ രാജാക്കന്‍മാരായി അള്‍ജീരിയ. സാദിയോ മാനേയുടെ സെനഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് അള്‍ജീരിയ ആഫ്രിക്കന്‍ നേഷന്‍സ് കപ്പുയര്‍ത്തി. കളി തുടങ്ങി 79-ാം സെക്കന്റില്‍ തന്നെ ബാഗ്ദാദ് ബനൗജ ലക്ഷ്യം കണ്ടു. സെനഗലിന് പെനാൽറ്റി കിട്ടിയെങ്കിലും ഗോളാക്കിമാറ്റാനായില്ല. ഇത് രണ്ടാം തവണയാണ് അൾജീരിയ ആഫ്രിക്കൻ നേഷൻസ് കിരീടം നേടുന്നത്.
ബനൗജയുടെ ഷോട്ട് തടയുന്നതിനിടെ സെനഗലിന്റെ പ്രതിരോധ താരം സെയ്ഫ് സാനെയുടെ കാലില്‍ തട്ടി പന്ത് ഉയര്‍ന്നുപൊങ്ങി ഗോള്‍കീപ്പര്‍ ആല്‍ഫ്രഡ് ഗോമിസിനേയും മറികടന്ന് വലയിലെത്തുകയായിരുന്നു. കഴിഞ്ഞ 39 വര്‍ഷത്തിനിടെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലിലെ ഏറ്റവും വേഗതയേറിയ ഗോളാണിത്.
1990-ലായിരുന്നു ഇതിന് മുമ്പ് അള്‍ജീരിയ ചാമ്പ്യന്‍മാരായത്. മാഞ്ചസ്റ്റര്‍ സിറ്റി താരവും അള്‍ജീരിയന്‍ ക്യാപ്റ്റനുമായ റിയാദ് മെഹ്‌റസിന്റെ ഈ സീസണിലെ അഞ്ചാം കിരീടമാണിത്. അതേസമയം ആദ്യകിരീടം പ്രതീക്ഷിച്ചെത്തിയ സെനഗലിന് നിരാശയോടെ മടങ്ങേണ്ടി വന്നു.
Post Your Comments