KeralaLatest News

അതിരു കടന്ന് സമര പരമ്പരകള്‍; സെക്രട്ടറിയേറ്റില്‍ കര്‍ശന നിയന്ത്രണം, സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മുടക്കിയത് കോടികള്‍

തിരുവനന്തപുരം : സെക്രട്ടറിയേറ്റിനു മുന്നില്‍ സമരപരമ്പരകളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരികയാണ്. കത്തിക്കുത്തും ഉത്തരക്കടലാസ്‌ചോര്‍ച്ച വിവാദവും എസ്എഫ്‌ഐക്കെതിരെ ആഞ്ഞടിക്കാനുള്ള അവസരമായി കെഎസ്‌യു കണക്കാക്കിയതോടെ മതില്‍ ചാടിക്കടന്ന് സുരക്ഷഭേധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന ബ്ലോക്കിന്റെ വാതില്‍ക്കല്‍ വരെയെത്തിയിരുന്നു പ്രതിഷേധം.

ഇതേതുടര്‍ന്നാണ് സെക്രട്ടേറിയറ്റിനുള്ളിലേക്ക് പൊതുജനങ്ങള്‍ക്കു കയറാന്‍ കഴിയാത്ത തരത്തില്‍ കര്‍ശന നിയന്ത്രണം ഒരുക്കിയിരിക്കുകയാണ്. വരുംദിവസങ്ങളിലും സമാന പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങുകളിലും കര്‍ശന സുരക്ഷ വേണമെന്നും സ്‌പെഷല്‍ ബ്രാഞ്ച് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഇന്നലെ മന്ത്രി കെ.ടി. ജലീലിന്റെ ഓഫിസിലേക്കു മാര്‍ച്ച് നടത്തിയ കെഎസ്യു പ്രവര്‍ത്തകരും സുരക്ഷ ഭേദിക്കാന്‍ ശ്രമിച്ചിരുന്നു. കൂടുതല്‍ വനിതാ പൊലീസുകാരെയും സെക്രട്ടേറിയറ്റിലും അനെക്‌സ് 1, അനെക്‌സ് 2 മന്ദിരങ്ങളിലും വിന്യസിച്ചിട്ടുണ്ട്. 6 മന്ത്രിമാരുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന അനെക്‌സ് 2 മന്ദിരത്തില്‍ രണ്ടരക്കോടി രൂപ മുടക്കി സുരക്ഷ കൂട്ടാന്‍ പൊതുഭരണ വകുപ്പ് അനുമതി നല്‍കി.

യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്തിനും ഉത്തരക്കടലാസ് ചോര്‍ച്ചയ്ക്കും പിന്നാലെയുളള സമരപരമ്പരകള്‍ കണക്കിലെടുത്തു സെക്രട്ടേറിയറ്റിനുള്ളിലേക്ക് പൊതുജനങ്ങള്‍ക്കു കയറാന്‍ കഴിയാത്ത തരത്തില്‍ കര്‍ശന നിയന്ത്രണം. 4 പ്രധാന ഗേറ്റുകളില്‍ 3 എണ്ണവും ഇന്നലെ അടച്ചിട്ടു. തുറന്നിട്ട കന്റോണ്‍മെന്റ് ഗേറ്റിലാകട്ടെ കര്‍ശന പരിശോധനകള്‍ക്കു ശേഷമാണു സന്ദര്‍ശകരെ കടത്തിവിട്ടത്.

മന്ത്രിമാരായ സി. രവീന്ദ്രനാഥ്, കെ.കെ. ശൈലജ, കടകംപള്ളി സുരേന്ദ്രന്‍, കെ. രാജു, എം.എം. മണി, വി.എസ്. സുനില്‍കുമാര്‍ എന്നിവരുടെ ഓഫിസുകളാണ് ഇവിടെയുള്ളത്. വിദ്യാഭ്യാസ മന്ത്രിക്കും ആരോഗ്യ മന്ത്രിക്കും എതിരെ നിരന്തരം സമരങ്ങള്‍ നടക്കാറുണ്ട്. ഇതു കണക്കിലെടുത്താണ് 101 നിരീക്ഷണ ക്യാമറകള്‍, മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ള സുരക്ഷാ സജ്ജീകരണങ്ങള്‍ എന്നിവ ഏര്‍പ്പെടുത്താന്‍ രണ്ടരക്കോടി രൂപയാണ് അനുവദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button