ലക്‌നൗ : ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ വെടിവയ്പ്പില്‍ പരുക്കേറ്റവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ എ.ഐ.സി.സി ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. സ്ഥലത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ നാലിലധികം പേരെ കടത്തിവിടാനാകില്ലെന്ന് കാണിച്ചാണ് നടപടി. സംഭവം അസ്വസ്ഥപ്പെടുത്തുന്നതും യോഗി സര്‍ക്കാരിന്റെ അരക്ഷിതാവസ്ഥ വെളിവാക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്റ് ചെയ്തു. നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.
ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ ഉഭ ഗ്രാമത്തിലുണ്ടായ വെടിവെയ്പ്പില്‍ മരിച്ച കുടംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കാ ഗാന്ധിയെ പോലീസ് തടയുകയായിരുന്നു. ഗ്രാമത്തിലേയ്ക്കുള്ള യാത്രാമധ്യേ മിര്‍സാപുരില്‍ വെച്ചാണ് പ്രിയങ്കയെ തടഞ്ഞത്. ഇചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം റോഡരികില്‍ ഇരുന്ന് പ്രിയങ്ക പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് നടപടി.
സ്വത്തുതര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ മൂന്നു സ്ത്രീകളുള്‍പ്പെടെ 10 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ് വരാണസിയിലെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച ശേഷമാണ് പ്രിയങ്ക കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി എത്തിയത്. പ്രിയങ്ക സന്ദര്‍ശിക്കുന്നതിന് തൊട്ടുമുമ്പായി സോന്‍ഭദ്രയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയായിരുന്നു.
Post Your Comments