തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ 3 മാസത്തിനകം തീര്‍പ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കാന്‍ വകുപ്പു മേധാവികളോടു നിര്‍ദേശിച്ചു. വേണ്ടത്ര ജീവനക്കാരും ഉദ്യോഗസ്ഥരും ഉണ്ടായിട്ടും ഫയലുകള്‍ കെട്ടിക്കിടക്കുകയാണ്.
ജനങ്ങളാണു പരമാധികാരികളെന്നതു മറക്കരുത്. ഇടതു സര്‍ക്കാര്‍ വന്നപ്പോള്‍ പല ദുഷ്പ്രവണതകള്‍ക്കും അന്ത്യമാകുമെന്നു സാധാരണക്കാര്‍ വിശ്വസിച്ചു. അവരെ നിരാശരാക്കരുത്. ജനങ്ങളുടെ പ്രശ്‌നപരിഹാരത്തിനാകണം മുന്‍ഗണന. അല്ലാതെ, ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നതിനു മാത്രമാകരുത് എന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് (മെഡിസെപ്) ഓഗസ്റ്റ് ഒന്നിന് ആരംഭിക്കാന്‍ ഉത്തരവ്. അംഗങ്ങള്‍ മാസം 250 രൂപ പ്രീമിയം നല്‍കണം. 3 വര്‍ഷം 6 ലക്ഷം രൂപയാണു പരിരക്ഷ. ചികിത്സകള്‍ക്കു കൂടുതല്‍ തുക വേണ്ടിവന്നാല്‍ സര്‍ക്കാര്‍ നല്‍കുമെന്നാണു വാഗ്ദാനം. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിനാണു കരാര്‍.
ജീവനക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ന്യായമായി പരിഹരിക്കും.വിഷമകരമായവ ഏറ്റെടുക്കാന്‍ എല്ലാവരും സന്നദ്ധരാകണം. ഒഴിഞ്ഞുമാറുന്ന സമീപനം നാടിനു ഗുണകരമല്ല. അഴിമതി കുറഞ്ഞ സര്‍ക്കാരാണിതെന്നും എന്നാല്‍ അഴിമതി പൂര്‍ണമായി ഇല്ലാതായെന്ന് അതിന് അര്‍ഥമില്ല എന്നും പിണറായി പറഞ്ഞു.
Post Your Comments