തിരുവനന്തപുരം : ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ക്കും കസ്റ്റഡി മരണങ്ങള്‍ക്കും ഇടവരുത്തുന്ന പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുന്നത് ഉള്‍പ്പെടെയുള്ള മാതൃകാപരമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
ജയിലില്‍ പ്രവേശിപ്പിക്കുന്നവരുടെ ശാരീരികാവസ്ഥ രേഖപ്പെടുത്തുന്ന ആധികാരിക രജിസ്റ്റര്‍ പീരുമേട് സബ്ജയിലില്‍ ഇല്ലെന്ന് കമ്മീഷന്‍ കണ്ടെത്തി. ജയിലില്‍ പ്രതിയെ എത്തിക്കുന്ന സമയത്തെ ശാരീരികാവസ്ഥയും ആരോഗ്യസ്ഥിതിയും പരുക്കുകളും പരിശോധിച്ച് പ്രതിയോട് നേരിട്ട് സംസാരിച്ച് വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഒരു രജിസ്റ്റര്‍ ജയിലില്‍ സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. ജയില്‍ ഉദ്യോഗസ്ഥര്‍ രജിസ്റ്ററിലെ ഉള്ളടക്കം സ്വതന്ത്രമായി രേഖപ്പെടുത്തണം. രജിസ്റ്ററിന്റെ കൃത്യത ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പാക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
പ്രതികളെ ജയിലില്‍ കൊണ്ടുവരുമ്പോള്‍ അവരെ ഡോക്ടര്‍ കൃത്യമായി പരിശോധിച്ച് രോഗവിവരങ്ങളും പരുക്കുകളും കൃത്യമായി രേഖപ്പെടുത്തിട്ടുണ്ടെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പോലീസ് സ്റ്റേഷന്‍, ജയില്‍ എന്നിവിടങ്ങളില്‍ നിന്നും മെഡിക്കല്‍ പരിശോധനക്ക് എത്തിക്കുന്നവരെ ഡോക്ടര്‍മാര്‍ കൃത്യമായി പരിശോധിച്ച് നിഷ്പക്ഷമായി റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തില്‍ പീരുമേട് സബ്ജയിലിലും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലും നടത്തിയ സന്ദര്‍ശനത്തിന് ശേഷം ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ നിര്‍ദ്ദേശത്തിലാണ് ഇത്രം സ്വഭാവ വൈകൃതമുള്ള പൊലീസുകാര്‍ക്കെതിരെ നടപടിവേണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.
Post Your Comments