ഏറ്റവുമധികം ആളുകളെ കൊല ചെയ്ത വിദ്യാര്‍ത്ഥി സംഘടന എസ്എഫ്ഐയാണെന്ന എകെ ആന്റണിയുടെ പ്രസ്താവനയ്ക്കെതിരെ വി.പി സാനു രംഗത്തെത്തി. എസ്.എഫ്.ഐ. കൊലപ്പെടുത്തിയ ഒരാളുടെയെങ്കിലും പേര് വ്യക്തമാക്കാന്‍ കഴിയുമോ എന്ന് സാനു ആന്റണിയെ വെല്ലുവിളിച്ചു. അഭിമന്യു കൊലചെയ്യപ്പെട്ടതിനു ശേഷമുള്ള ദിവസങ്ങളില്‍ ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി എ.കെ.ആന്റണി രംഗത്തെത്തിയിയിരുന്നെന്നും സാനു ഫെയ്സ്ബുക്ക് പോസ്റ്റിട്ടു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കേരളത്തിൽ ഏറ്റവും കൂടുതൽ കൊലപാതകം നടത്തിയത് എസ്.എഫ്.ഐ. ആണെന്ന് കേരളത്തിന്റെ മുൻ മുഖ്യമന്ത്രി കൂടിയായ എ.കെ.ആന്റണി ഇന്ന് പത്രസമ്മേളനത്തിൽ പറയുകയുണ്ടായി. എസ്.എഫ്.ഐ. കൊലപ്പെടുത്തിയ ഒരാളുടെയെങ്കിലും പേര് വ്യക്തമാക്കാൻ കഴിയുമോ എന്ന് അദ്ദഹത്തെ വെല്ലുവിളിക്കുകയാണ്.
കേരളത്തിൽ വിദ്യാർഥികളെയുപയോഗിച്ച് ഏറ്റവും കൂടുതൽ പൊതുമുതൽ നശിപ്പിക്കപ്പെട്ട 1957-59 കാലഘട്ടത്തിൽ, വിമോചന സമരകാലത്ത്, അത്തരം നശീകരണം മാത്രം സംഘടനാപ്രവർത്തനമായി കണ്ട പ്രസ്ഥാനത്തിന്റെ പേരാണ് കെ.എസ്.യു. ആ പ്രസ്ഥാനത്തിന് അക്കാലത്ത് നേതൃത്വം കൊടുത്തിരുന്ന വ്യക്തിയുടെ പേരാണ് എ.കെ.ആന്റണി.
അതേ വ്യക്തി തന്നെയാണ് കേരളത്തിലെ കലാലയങ്ങൾ അക്രമത്തിന്റെ പര്യായമായ കെ.എസ്.യുവിനെ പടിക്കുപുറത്താക്കി പകരം സർഗാത്മകതയുടെയും ജനാധിപത്യത്തിന്റെയും രാഷ്ട്രീയം പറഞ്ഞ എസ്.എഫ്.ഐ.യെ ഹൃദയപക്ഷമായി സ്വീകരിച്ച കാലത്ത് വിദ്യാർത്ഥി സംഘടനകളെ നിരോധിക്കുന്നതിന് വേണ്ടിയിട്ടുള്ള നീക്കങ്ങൾ നടത്തിയത്. അതുകൊണ്ടൊന്നും എസ്.എഫ്.ഐയെ തകർക്കാൻ കഴിഞ്ഞിട്ടില്ല. തല്ലിക്കെടുത്താൻ ശ്രമിച്ചപ്പോഴൊക്കെ ആളിപ്പടരുകയായിരുന്നു ഈ പ്രസ്ഥാനം.
കേരളം ഒന്നടങ്കം വിറങ്ങലിച്ചുനിന്ന, ഒരു മനസായി കണ്ണീരൊഴുക്കിയ നാളുകളിൽ, സഖാവ് അഭിമന്യു കൊലചെയ്യപ്പെട്ടതിനു ശേഷമുള്ള ദിവസങ്ങളിൽ ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി എ.കെ.ആന്റണി വന്നതു നാം കണ്ടതാണ്. അദ്ദേഹം കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയായിരുന്നു. കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ അധികാരവുമുപയോഗിച്ച് ലഭിക്കുന്ന ഏതെങ്കിലും തെളിവു വെച്ച് ഈ രാജ്യത്തിൽ ഒരാളുടെയെങ്കിലും ജീവൻ എസ്.എഫ്.ഐ എടുത്തു എന്ന് തെളിയിക്കാൻ കഴിയുമെങ്കിൽ അദ്ദേഹം അത് തെളിയിക്കണമെന്നു ഒരിക്കൽക്കൂടി വെല്ലുവിളിക്കുകയാണ്.
അല്ലാതെ എസ്.എഫ്.ഐ.യെ എങ്ങനെയെങ്കിലും തീർത്തുകളയണമെന്ന ഒറ്റ ലക്ഷ്യവുമായി പച്ചവെള്ളം തൊടാത്ത കള്ളങ്ങൾ മാത്രം ബോധപൂർവം പടച്ചുണ്ടാക്കി ആത്മരതി കൊള്ളുന്ന വലതുപക്ഷമാധ്യമനുണയർക്ക് നാളത്തെ ദിവസം കോളം നിറയ്ക്കാനുള്ള വിഭവം വിളമ്പുന്ന കയില് മാത്രമായി അദ്ദേഹത്തെപ്പോലൊരാൾ തരംതാഴരുത്. പഠിച്ചുവളർന്ന കെ.എസ്.യു. രാഷ്ട്രീയത്തിന്റെ അപക്വതയിൽ നിന്ന് അല്പമെങ്കിലും വളരാൻ ശ്രമിക്കണമെന്ന് അദ്ദേഹത്തോട് അഭ്യർഥിക്കുന്നു.
https://www.facebook.com/VPSanu/posts/1626270947510452
Post Your Comments