ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ യു.എ.ഇയുടെ ചെറിയ എണ്ണ ടാങ്കര്‍ കാണാതായെന്ന് റിപ്പാര്‍ട്ട്. ടാങ്കര്‍ ഇറാന്‍ പിടിച്ചെടുത്തതാകാന്‍ സാധ്യതയുണ്ടെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. എന്നാല്‍ നഷ്ടപ്പെട്ട ടാങ്കര്‍ യു.എ.ഇയുടെ ഉടമസ്ഥതയിലുള്ളതോ രാജ്യത്ത് ഓപറേറ്റ് ചെയ്യുന്നതോ അല്ലെന്ന് യു.എ.ഇ അധികൃതര്‍ വെളിപ്പെടുത്തി.
കിഷം ദ്വപിനോട് ചേര്‍ന്ന സമുദ്രാതിര്‍ത്തിയില്‍ ഇറാനിയന്‍ സൈന്യം ടാങ്കര്‍ പിടിച്ചെടുത്തുവെന്നു തന്നെയാണ് യു.എസ് പ്രതിരോധ വൃത്തങ്ങള്‍ അസോസിയേറ്റ് പ്രസിനോട് വ്യക്തമാക്കിയത്. എന്നാല്‍ ടാങ്കര്‍ കടലില്‍ തകരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
പനാമ പതാകയുള്ള യു.എ.ഇ കേന്ദ്രമായ ചെറിയ എണ്ണ ടാങ്കറാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. യു.എ.ഇ സമുദ്രാതിര്‍ത്തി പിന്നിട്ട് ഇറാന്‍ ഭാഗത്ത് പ്രവേശിച്ചത് മുതല്‍ ടാങ്കറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. റിയ എന്നു പേരുള്ള എണ്ണ ടാങ്കറിന് എന്തു സംഭവിച്ചുവെന്ന് കണ്ടെത്താന്‍ തെരച്ചില്‍ തുടരുന്നുണ്ട്.
സഖ്യരാജ്യങ്ങളുമായി ചേര്‍ന്ന് എണ്ണ ടാങ്കറിന് എന്തു സംഭവിച്ചു എന്നു കണ്ടെത്താനുള്ള നീക്കം തുടരുകയാണെന്ന് യു.എ.ഇ അന്താരാഷ്ട്ര സുരക്ഷാ സഹകരണ വകുപ്പ് ഡയരക്ടര്‍ സാലിം അല്‍സാബി അറിയിച്ചു. രണ്ടായിരം ടണ്‍ സംഭരണ പ്രാപ്തി മാത്രമാണ് ടാങ്കറിനുള്ളത്.
Post Your Comments