ബോളിവുഡ് നടന്‍ ഋഷി കപൂര്‍ ഭാര്യ നീതു കപൂറിനൊപ്പം കഴിഞ്ഞ സെപ്റ്റംബറില്‍ ന്യൂയോര്‍ക്കിന് പോയപ്പോള്‍ തന്നെ അദ്ദേഹം രോഗബാധിതനാണെന്ന ഊഹം പടര്‍ന്നുപിടിച്ചിരുന്നു. എന്നാല്‍ കാന്‍സര്‍ ബാധിതനായിരുന്നെന്നും ചികിത്സയ്ക്കായാണ് അമേരിക്കയിലേക്ക് പോയതാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നത് ഇപ്പോഴാണ്. ദില്ലിയില്‍ ഒരു സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ”പ്രശ്‌നം കണ്ടെത്തിയത്” എന്ന് ഋഷി കപൂര്‍ തന്നെയാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്.
വെളുത്തലമുടിയുമായി തന്നെ കണ്ടതുമുതല്‍ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങള്‍ കാട്ടുതീ പോലെ പടര്‍ന്നുപിടിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുടിയുടെ നിറം ഒരു സിനിമയുമായി ബന്ധപ്പെട്ടതാണെന്നും രോഗവും അതും തമ്മില്‍ ബന്ധമില്ലെന്നും നടന്‍ ചൂണ്ടിക്കാട്ടി. രോഗബാധിതനാണെന്ന് അറിഞ്ഞ ഉടന്‍ തന്നെ അമേരിക്കയിലെ സ്‌ളോ കെറ്ററിംഗ് ഹോസ്പിറ്റലിലേക്ക് പാഞ്ഞെത്തുകയായിരുന്നു. അപ്പോഴും മുടി വെളുപ്പായിരുന്നു. പക്ഷേ ആളുകള്‍ പറയുന്നത് താന്‍ അവശനിലയിലായണെന്നും ഒറ്റരാത്രികൊണ്ട് മുടി വെളുത്തെന്നുമാണെന്നും നര്‍മത്തോടെ അദ്ദേഹം പറയുന്നു. രോഗത്തിന്റെ ആദ്യ മാസങ്ങളില്‍ 26 കിലോഗ്രാം വരെ ഭാരം കുറഞ്ഞിരുന്നെന്നും ഇപ്പോള്‍ മെച്ചപ്പെട്ടുവരികയാണെന്നും 66 കാരനായ താരം വ്യക്തമാക്കി.
തന്റെ നില മെച്ചപ്പെടുന്നുണ്ടെന്ന് കാണിക്കാന്‍ സന്ദര്‍ശിക്കാനെത്തുന്ന സുഹൃത്തുക്കള്‍ ചിത്രമെടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ടെന്നും ഋഷികപൂര്‍ പറഞ്ഞു. ഇപ്പോള്‍ ഏഴ് എട്ട് കിലോ കൂടിയിട്ടുണ്ടെന്നും വളരെ ക്ഷീണിച്ച് കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് ഋഷി കപൂര്‍ പറയുന്നത്. ഉടന്‍ മുംബൈയിലേക്ക് മടങ്ങുമെന്നും പിന്നീട് വര്‍ഷത്തിലൊരിക്കല്‍ പരിശോധനയ്ക്കായി എത്തിയാല്‍ മതിയെന്നും ചികിത്സ തുടരുന്ന താരം വ്യക്തമാക്കി.
Post Your Comments