റീബിൽഡ് കേരള വികസന പദ്ധതിക്ക് കീഴിൽ ജലവിഭവ വകുപ്പ് നടപ്പാക്കുന്ന പ്രവൃത്തികൾ ഏകോപിപ്പിക്കാനായി പ്രത്യേക ഓഫീസിന് ജല അതോറിട്ടിയിൽ സ്ഥലം അനുവദിച്ചു. ജലഅതോറിട്ടിയുടെ വെള്ളയമ്പലത്തുള്ള ആസ്ഥാന മന്ദിരത്തിൽ 5,000 ചതുരശ്രയടി സ്ഥലമാണ് ഓഫീസിന്റെ പ്രവർത്തനത്തിനായി അനുവദിച്ചത്. ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം.
ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഏകോപനത്തിനും മേൽനോട്ടത്തിനും സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനുമുള്ള കൺസൾട്ടൻസിയായും ഓഫീസ് പ്രവർത്തിക്കും. അടുത്ത ദിവസങ്ങളിൽതന്നെ ഈ ഓഫീസ് പ്രവർത്തനം ആരംഭിക്കും. റീബിൽഡ് കേരള വികസന പദ്ധതിയനുസരിച്ച് സംയോജിത ജലവിഭവ പരിപാലനം, ജലവിതരണം, ജലസേചനം തുടങ്ങിയ മേഖലകളിലാണ് ജലവിഭവ വകുപ്പിനു കീഴിൽ പദ്ധതികൾ നടപ്പാക്കുന്നത്. ഈ പദ്ധതികളുടെ ആസൂത്രണം, വിശദമായ പദ്ധതി രേഖ തയാറാക്കൽ, പദ്ധതി നിർവഹണം, പരിപാലനം എന്നീ പ്രവൃത്തികളിലെല്ലാം ഈ ഓഫീസിന്റെ മേൽനോട്ടം ഉണ്ടാവും. സാങ്കേതിക സഹായം അടക്കം ലഭ്യമാകാൻ ഓഫീസ് പ്രവർത്തനമാരംഭിക്കുന്നതോടെ സാധ്യമാകും.
Post Your Comments