കോട്ടയം : മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ ലോട്ടറി വില്പനക്കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്നയാള്‍ പിടിയില്‍. കോഴഞ്ചേരി നാരങ്ങാനം തോട്ടുപാട്ട് വീട്ടില്‍ ടി.എസ് സത്യനെ (45) ആണ് ഗാന്ധിനഗര്‍ സി.ഐ അനൂപ് ജോസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്‌തത്. 13 നാണ് തൃക്കൊടിത്താനം കോട്ടശേരി പടിഞ്ഞാറേപ്പറമ്ബില്‍ പൊന്നമ്മയുടെ (55) മൃതദേഹം കാന്‍സര്‍ വാര്‍ഡിന് സമീപം അഴുകിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രി പരിസരത്ത് ലോട്ടറി വില്പനക്കാരായിരുന്ന ഇരുവരും 5 വര്‍ഷമായി ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും ചോദിച്ചപ്പോള്‍ പണം നല്‍കാതിരുന്നതും മര്‍ദിച്ചതിലുള്ള പ്രകോപനവുമാണു കൊലപാതകത്തിനു കാരണെമന്നും പോലീസ് പറഞ്ഞു. സത്യന്‍ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവുമാണ്. സംശയത്തെ തുടര്‍ന്ന് അഞ്ചു മാസം മുന്‍പ് പൊന്നമ്മയും, സത്യനും പിണങ്ങി പിരിഞ്ഞു.ഇതിനിടെ രണ്ടുതവണ സത്യന്‍ പൊന്നമ്മയുടെ ആക്രമണത്തിനിരയായി. ആദ്യം കാലില്‍ വെട്ടി, പിന്നീട് തലയില്‍ സിമന്റ് ഇഷ്ടികകൊണ്ട് ഇടിച്ചു. ഇതോടെ സത്യന് വൈരാഗ്യം വര്‍ദ്ധിച്ചു.വിട്ടുവരി ഭാഗത്തു വീട്ടുവേല ചെയ്‌തിരുന്ന പൊന്നമ്മ രണ്ടു വര്‍ഷംമുന്‍പു ലോട്ടറി വില്‍പന തുടങ്ങിയത്.
അതിനു ശേഷമാണു പൊന്നമ്മയുടെ കൈവശം പണം ഉണ്ടാകുന്നത്. എന്നാല്‍, അടുത്ത കാലത്തായി സത്യന്‍ ചോദിക്കുമ്പോള്‍ പൊന്നമ്മ പണം നല്‍കിയിരുന്നില്ല. ഇതും വിരോധത്തിനു കാരണമായി. കഴിഞ്ഞ എട്ടിന് രാത്രിയില്‍ ആശുപത്രിയില്‍ എത്തിയ സത്യന്‍ പൊന്നമ്മയുമായി കാന്‍സര്‍ വാര്‍ഡിന്റെ വരാന്തയിലേയ്‌ക്ക് പോയി. കിടക്കാന്‍ ഒരുങ്ങുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ സത്യന്‍ പൊന്നമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്നു തര്‍ക്കം രൂക്ഷമാകുകയും സത്യന്‍ കമ്പി വടിക്കു പൊന്നമ്മയുടെ തലയ്‌ക്കടിക്കുകയുമായിരുന്നു.
അടികൊണ്ട് ഓടിയ പൊന്നമ്മ കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ കുഴിയില്‍ വീണു. വീണ്ടും രണ്ടു തവണ തലയ്‌ക്കടിച്ചു, ഇതോടെ രക്‌തം വാര്‍ന്നു കുഴിയില്‍ക്കിടന്നു മരിച്ചു. തുടര്‍ന്ന് കാര്‍ഡ്ബോര്‍ഡ് എടുത്ത് മൃതദേഹം മൂടി. രണ്ടു ദിവസം ആശുപത്രിയില്‍ കറങ്ങി നടന്ന ശേഷം കോഴഞ്ചേരിയിലേയ്‌ക്ക് പോയി. കൊല്ലാനുപയോഗിച്ച കമ്പിവടി കാട്ടിലേക്കെറിഞ്ഞതായി പ്രതി മൊഴിനല്‍കി. പൊന്നമ്മയുടെ കഴുത്തില്‍ കിടന്ന രണ്ടുപവന്റെ മാല കൈക്കലാക്കിയ പ്രതി പിന്നീടതുവിറ്റു. ഇതു കോഴഞ്ചേരിയിലെ ജ്വല്ലറിയില്‍ നിന്നു കണ്ടെടുത്തു.
സ്വര്‍ണമാല വിറ്റ് രണ്ട് മോതിരവും, ഒരു ഏലസും വാങ്ങി. മൃതദേഹം കണ്ടെത്തിയ ദിവസം മുതല്‍ സത്യന്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പ്രതിയുമായി ഇന്നലെ പൊലീസ് തെളിവെടുപ്പ് നടത്തി. പൊന്നമ്മയുടെ കൈവശവുമുണ്ടായിരുന്ന 100 ലോട്ടറിയും 40 രൂപയും ഇയാള്‍ എടുത്തു. ലോട്ടറിയും പിന്നീടു വിറ്റു. സത്യനെ പിടികൂടുമ്പോള്‍ 12000 രൂപ കൈവശമുണ്ടായിരുന്നു. നാലര പ്പവന്‍ സ്വര്‍ണം മുടിയൂര്‍ക്കര ഭാഗത്തെ ജൂവലറിയില്‍ പണയം വച്ചിട്ടുണ്ടെന്നന്ന് അന്വേഷണത്തില്‍ വ്യക്‌തമായി. പ്രതിയെ ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും കോഴഞ്ചേരിയിലുമെത്തിച്ചു തെളിവെടുപ്പു നടത്തി.ശനിയാഴ്‌ച ഉച്ചയ്‌ക്ക് ഒന്നിനാണ് മൃതദേഹം കണ്ടെത്തിയത്.
അന്നു രാത്രിതന്നെ സത്യനെ പോലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. മെഡിക്കല്‍ കോളജ് സ്‌റ്റാന്‍ഡിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ മാന്നാനം സ്വദേശി സനീഷിന്റെ സമയോചിതമായ ഇടപെടലിലൂടെ എസ്.ഐ റെനീഷാണ് ഇയാളെ പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ ഔദ്യോഗികമായി അറസ്‌റ്റു രേഖപ്പെടുത്തി.
ജില്ലാ പൊലീസ് മേധാവി പി.എസ് സാബു, ഡിവൈ.എസ്.പി ആര്‍.ശ്രീകുമാര്‍, ഗാന്ധിനഗര്‍ എസ്.ഐ ടി.എസ് റെനീഷ്, ഡിവൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ വി.എസ് ഷിബുക്കുട്ടന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.എന്‍ മനോജ്, ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ.എസ്.ഐമാരായ ടി.കെ സജിമോന്‍, എ.പി സജി, നോബിള്‍, തോമസ് ജോസഫ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഗിരീഷ്, വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ അംബിക, ഷീജ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Post Your Comments