ബംഗളൂരു: കര്‍ണാടകത്തില്‍ ഭരണം പിടിച്ചുനിറുത്താനുള്ള അവസാനശ്രമവും പാളിയ എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാര്‍ വ്യാഴാഴ്ച സഭയില്‍ വിശ്വാസവോട്ട് തേടാനിരിക്കെ, വിമത എംഎൽഎമാർ പങ്കെടുക്കില്ലെന്ന് സൂചന. അതെ സമയം രാജിക്കത്തു നല്കിയ വിമത എം.എല്‍.എമാരുടെ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. മുംബയില്‍ നക്ഷത്ര ഹോട്ടലില്‍ തമ്പടിച്ചിരിക്കുന്ന 16 കോണ്‍ഗ്രസ്, ദള്‍ എം.എല്‍.എമാരും രണ്ട് സ്വതന്ത്രരുടെയും അസാന്നിധ്യത്തില്‍ ഭരണപക്ഷത്തെ അംഗബലം നൂറില്‍ ഒതുങ്ങുമെന്നിരിക്കെ വിശ്വാസ പ്രമേയ വോട്ടടെടുപ്പില്‍ സഖ്യസര്‍ക്കാര്‍ നിലംപതിക്കും.
അതെ സമയം 15 എം.എല്‍.എമാര്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ വിധി നിര്‍ണായകമാണ്.ഭരണഘടനാപരമായ പ്രശ്നങ്ങളുള്ള വിഷയത്തില്‍ തനിക്ക് ധൃതിപിടിച്ച് തീരുമാനമെടുക്കാന്‍ ആവില്ലെന്നും, മതിയായ സമയം ആവശ്യമാണെന്നും കാണിച്ച് സ്പീക്കര്‍ കെ.ആര്. രമേശ് കുമാറും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതും ഇന്നാണ് കോടതി പരിഗണിക്കുക. രാജിക്കാര്യത്തിലും എം.എല്‍.എമാര്‍ക്ക് അയോഗ്യത കല്പിക്കുന്ന വിഷയത്തിലും ഇന്നു വരെ തല്‍സ്ഥിതി നിലനിറുത്താനാണ് കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.
മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ വിശ്വാസപ്രമേയം സഭ വ്യാഴാഴ്ച പരിഗണനയ്ക്കെടുക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയാണ് ഇന്നലെ പ്രഖ്യാപിച്ചത്.പ്രതീക്ഷകള്‍ അസ്തമിച്ചതോടെ വരുന്നതു പോലെ വരട്ടെ എന്ന നിസ്സഹായതയിലാണ് കോണ്‍ഗ്രസ്, ജെ.ഡി.എസ് നേതൃത്വങ്ങള്‍.
എം.എല്‍.എമാരുടെ രാജി സ്വീകരിക്കുന്നത് വൈകിച്ച്, ഇവരെ തിരികെയെത്തിക്കാന്‍ സര്‍ക്കാരിന് പരമാവധി സമയം നല്കിയ സ്പീക്കര്‍ കെ.ആര്. രമേശ് കുമാറിന്റെ തീരുമാനവും നിര്‍ണായകമാണ്. അയോഗ്യതാ സമ്മര്‍ദ്ദം ചെലുത്തി അംഗങ്ങളെ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ് നേരത്തേ ശ്രമം നടത്തിയിരുന്നെങ്കിലും ഫലിച്ചിരുന്നില്ല.
Post Your Comments