കൊട്ടിയം: അങ്കണവാടിയില്‍ പ്രവേശനത്തിനെത്തിയ പെണ്‍കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍. സംഭവത്തെ തുടര്‍ന്ന് അങ്കണവാടി വര്‍ക്കറുടെ പരാതിയില്‍ കൊട്ടിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ കൊട്ടിയം പ്രതിഭ ലൈബ്രറിക്കു സമീപത്തെ 17-ാം നമ്പര്‍ അങ്കണവാടിയില്‍ തിങ്കളാഴ്ച രാവിലെയാണ് നാലുവയസുകാരിയായ മകളുമൊത്ത് അമ്മയെത്തിയത്. അങ്കണവാടി വര്‍ക്കര്‍ ശ്രീദേവിയാണ് കുഞ്ഞിന്റെ കാലില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയ്. കൂടുതല്‍ പരിശോധനയില്‍ ശരീരമാസകലം പൊള്ളലേറ്റ പാടുകള്‍ കണ്ടതോടെ വിവരം ഐ.സി.ഡി.എസ്. സൂപ്പര്‍വൈസറെ അറിയിക്കുകയായിരുന്നു.
സംഭവമറിഞ്ഞെത്തിയ ബ്ലോക്ക് പഞ്ചായത്ത് അംഗം മൈലക്കാട് സുനില്‍ ഉടന്‍തന്നെ ചൈല്‍ഡ് ലൈനിലും കൊട്ടിയം പോലീസിലും വിവരമറിയിച്ചു. തുടര്‍ന്ന്, ചൈല്‍ഡ് ലൈന്‍ കൗണ്‍സലറും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കുഞ്ഞില്‍ നിന്നും അമ്മയില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. എന്നാല്‍ രണ്ടുവര്‍ഷമായി കുഞ്ഞ് എറണാകുളം കാക്കനാട് പ്രവര്‍ത്തിക്കുന്ന നിര്‍മല ശിശുഹോമില്‍ ആയിരുന്നെന്നാണ് അമ്മ നല്‍കിയ മൊഴി. കഴിഞ്ഞ അഞ്ചാം തീയതിയാണ് അവിടെനിന്ന് കുട്ടിയെ തിരികെ കൂട്ടിക്കൊണ്ടുവന്നത്. കുട്ടിയെ ഏറ്റുവാങ്ങുമ്പോള്‍ ശരീരമാകെ പാടുകളുണ്ടായിരുന്നതായും ഇവര്‍ പറയുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ചിക്കന്‍പോക്സ് വന്ന അടയാളങ്ങളാണെന്നാണ് ശിശുഹോം പ്രവര്‍ത്തകര്‍ പറഞ്ഞതെന്നും ഇത് താന്‍ വിശ്വസിച്ചതായുമാണ് ഇവര്‍ പറയുന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേര്‍ന്ന് കുട്ടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കും. മൊഴിയെടുത്ത പോലീസ് കുഞ്ഞിനെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കി.
Post Your Comments