തിരുവനന്തപുരം: ഊബര്‍ ഈറ്റ്‌സിലൂടെ വാങ്ങിയ ദം ബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു. കവടിയാറിലെ ലാമിയ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനായി വാങ്ങിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് കോര്‍പറേഷന്റെ ആരോഗ്യവിഭാഗമാണു നടപടിയെടുത്തത്. പരിശോധനയില്‍ പഴകിയ കോഴിയിറച്ചിയും പിടിച്ചെടുത്തു. ഭക്ഷണം വാങ്ങിയ വ്യക്തി നന്തന്‍കോട് സോണല്‍ ഓഫിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു നടപടി.
ഞായറാഴ്ച വൈകിട്ട് 5.30ന് നന്തന്‍കോട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ് എസ് മിനുവിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പരിശോധന നടത്തിയത്.
ഹോട്ടലില്‍ നിന്നും ബിരിയാണിയും വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ച കോഴി ഇറച്ചിയും കണ്ടെത്തി. തുടര്‍ന്ന് പാചകം ചെയ്തതും അല്ലാത്തതുമായ മാംസം ഒരേ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. പാത്രങ്ങള്‍ കഴുകുന്ന വാഷ്‌ബേസിന്റെ അടിയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഇറച്ചി സൂക്ഷിച്ചിരിക്കുന്നതും കണ്ടെത്തി. ഹെല്‍ത്ത് കാര്‍ഡ് ഉള്ള ജീവനക്കാരെ കൂടാതെ മറ്റ് ജീവനക്കാരും ഹോട്ടലില്‍ ഉണ്ടായിരുന്നു. പരാതികളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മേയര്‍ വി കെ പ്രശാന്ത്, ഹെല്‍ത്ത് കമ്മിറ്റി ചെയര്‍മാന്‍ കെ ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചു.
Post Your Comments